സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ നടപ്പാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സി.ഐ.ടി.യു യോഗം വിളിച്ചു.

ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

എം.വി.ഡിയുടെ കീഴിൽ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളിൽ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഉത്തരവിൽ പരാമർശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതൽ ആശങ്കയ്‌ക്ക് കാരണമായിരിക്കുകയാണ്.

മെയ് ഒന്ന് മുതൽ റിവേഴ്സ് പാർക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കർശനമാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ അടിസ്ഥാന സജ്ജീകരണങ്ങൾ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കാൻ മാത്രമാണ് പ്രാബല്യത്തിൽ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സി.ഐ.ടി.യുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയൻ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!