തീവണ്ടിയിൽ കയറുവാൻ ശ്രമിച്ച യുവതി തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ചു

പാറശ്ശാല: റെയിൽവേ സ്റ്റേഷനിൽ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയിൽ ചാടി കയറുവാൻ ശ്രമിച്ച യുവതി തീവണ്ടിക്കടിയിൽ പ്പെട്ടു മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ ഷീബയാണ് (57) നിയന്ത്രണം തെറ്റി തീവണ്ടിക്കടിയിൽപ്പെട്ട് മരണമടഞ്ഞത്. ഞായറാഴ്ച രാവിലെ 8.15 ഓടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം.
കൊച്ചുവേളിയിൽ നിന്നും നാഗർകോവിൽ പോകുന്ന കൊച്ചുവേളി നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കിയ ശേഷം മുന്നോട്ട് നീങ്ങവേ ഇതേ തീവണ്ടിയിൽ കയറുന്നതിനായി പ്ലാറ്റ്ഫോമിൽ വൈകി എത്തിയ ഷീബ ചാടി കയറുവാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. മരണപ്പെട്ട ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽ നിന്നും വേർപെട്ട നിലയിൽ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്.