പങ്കാളിക്ക് നേരെ വ്യാജ അവിഹിത ബന്ധം ആരോപിക്കുന്നത് ക്രൂരത- ഡല്‍ഹി ഹൈക്കോടതി

Share our post

ന്യൂഡല്‍ഹി: പങ്കാളിക്ക് നേരെ തക്കതായ തെളിവുകളില്ലാതെ വിവാഹേതര ബന്ധം ആരോപിക്കുന്നത് മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസ് സുരേഷ് കുമാര്‍ കെെത്, ജസ്റ്റിസ് നീനാ ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങള്‍ കാട്ടിയാല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയെ ഹൈക്കോടതി പിൻതാങ്ങി.

“കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ മാനസികമായി പങ്കാളിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. ദാമ്പത്യബന്ധത്തെ തന്നെ ഇത് ഗുരുതരമായി ബാധിക്കും. കുട്ടികളോടുള്ള നിയമപരമായ ഉത്തരവാദിത്വത്തെ നിരാകരിക്കുന്നതും പ്രോത്സാഹിപ്പിക്കാനാവില്ല”, അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹമോചനം നല്‍കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത് വിവാഹമോചനം ആവശ്യപ്പെടുന്നയാളെ അനർഹനായി കണക്കാക്കാനും കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ഒന്നിലധികം പുരുഷന്മാരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് കുടുംബക്കോടതിയില്‍ പങ്കാളി ഉന്നയിച്ചത്. ക്രോസ് വിസ്താരത്തിനൊടുവില്‍ അത്തരം സാഹചര്യം നേരിട്ട് കണ്ടിട്ടില്ലെന്ന് ഒടുവില്‍ ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു.

സ്വന്തം കുട്ടികളുടെ പിതൃത്വത്തെ പോലും സംശയിക്കുന്ന തരത്തിലുളള പെരുമാറ്റവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളും ഗുരുതരമായ കുറ്റമായാണ് കോടതി കാണുന്നത്. ഈ കേസിൽ കേസ് കൊടുത്ത ഭർത്താവല്ല ഭാര്യയാണ് ക്രൂരതക്കിരയായതെന്നും അതിനാൽ വിവാമോചനം നൽകേണ്ടെന്ന തീരുമാനം ശരിവെക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!