മാലൂർ കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്ത്ത് ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകിയ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ക്ലോറിനേഷനും നോട്ടീസ് വിതരണവും നടത്തി നൂറിലധികം വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.
വ്യക്തിഗത ശുചിത്വം പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മലവിസർജനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക, പൂർണ്ണമായി വിശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.കിരൺ അറിയിച്ചു. സ്വയം ചികിത്സ പാടില്ലെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം പടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.പനി, ക്ഷീണം വിശപ്പില്ലായ്മ, ഛർദ്ദി , ദഹനക്കേട്, ഓക്കാനം, കണ്ണിൽ മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. കിരൺ ഇരിട്ടി ഹെല്ത്ത് സൂപ്പർവൈസർ അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, മെമ്പർ ബീന,ജെ.എച്ച്.ഐ സുബിൻ,ജെ.പി.എച്ച്.എൻ അംബിക, പ്രിയ എന്നിവരും സമീപപ്രദേശങ്ങളിലെ ഹെല്ത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും പങ്കെടുത്തു.