എടാ മോനേ, ആദ്യം ഒരു എയിംസ്‌ തരൂ; മലയാളികളെ കബളിപ്പിച്ച്‌ ബി.ജെ.പി പ്രകടനപത്രിക

Share our post

തിരുവനന്തപുരം: പത്തുവർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും കേരളത്തിന്‌ ഒരു എയിംസ്‌ പോലും അനുവദിക്കാത്ത ബി.ജെ.പി പ്രകടനപത്രികയിലൂടെ വോട്ടർമാരെ കബളിപ്പിക്കുന്നു. തങ്ങളെ ജയിപ്പിച്ചാൽ എല്ലാ മണ്ഡലത്തിലും എയിംസ്‌ സ്ഥാപിക്കുമെന്നാണ്‌ മോഹനവാഗ്‌ദാനം. തിരുവനന്തപുരം, ആലപ്പുഴ, വയനാട്‌, പാലക്കാട്‌, കോഴിക്കോട്‌, കാസർകോട്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനപത്രികയിലും പ്രസംഗങ്ങളിലും പ്രധാന വാഗ്‌ദാനമാണ്‌ എയിംസ്. എന്നാൽ കവലകളിലും വീടുകളിലും സമൂഹ മാധ്യമങ്ങളിലും ഈ പൊള്ളത്തരം നിരന്തരം ട്രോളാവുകയാണ്‌. ‘നിങ്ങൾ എല്ലാവരും ജയിച്ചാൽ കേരളത്തിൽ 20 എയിംസ്‌ സ്ഥാപിക്കുമോ’ എന്ന ട്രോളാണ്‌ നാടെങ്ങും.

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ് (എയിംസ്‌) അനുവദിക്കണമെന്ന്‌ കേരളം ആവശ്യപ്പെടാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. യുപിഎ കാലത്തും ഒന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്തും എൽ.ഡി.എഫ്‌ എംപിമാർചേർന്ന്‌ എയിംസ്‌, കോച്ച്‌ ഫാക്‌ടറി ഉൾപ്പെടെയുള്ള പദ്ധതികൾക്കുവേണ്ടി നിരന്തരം ആവശ്യമുന്നയിച്ചു. എന്നാൽ രണ്ടാം മോദി സർക്കാരിന്റെ കാലമായതോടെ കേരളത്തിലെ 18 യു.ഡി.എഫ്‌ എം.പിമാരും ഇതിനായി അനങ്ങിയില്ല. എയിംസിനായി കോഴിക്കോട് കിനാലൂർ, തിരുവനന്തപുരത്തെ കാട്ടാക്കട താലൂക്ക്, കോട്ടയം, എറണാകുളം എന്നിങ്ങനെ നാലു സ്ഥലങ്ങൾ സംസ്ഥാന സർക്കാർ നിർദേശിച്ചു. കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 200 ഏക്കർ സ്ഥലം ലഭ്യമാക്കാനുള്ള സന്നദ്ധതയും കേരളം കേന്ദ്രത്തെ അറിയിച്ചു. സ്ഥലം തയ്യാറാണെന്നുകാണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു.

2021 ജൂലൈ 18-ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂർ സന്ദർശിച്ചു. ആഗസ്‌ത്‌ 14-ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തിലും 17-ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. എന്നാൽ കേരളത്തിന്‌ എയിംസ്‌ അനുവദിക്കുന്നത്‌ പരിഗണനയിലില്ലെന്നാണ്‌ കേന്ദ്രആരോഗ്യമന്ത്രാലയം മറുപടി നൽകിയത്‌. ഈ യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ്‌ പ്രകടനപത്രികയിൽ വീണ്ടും എയിംസ്‌ എന്നു പറഞ്ഞ്‌ ബിജെപിയുടെ കബളിപ്പിക്കൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!