കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ കണ്ണൂർ ജില്ലയിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുന്നു. കെ സുധാകരൻ എം.പി.യുടെ പി.എയായിരുന്ന വി കെ മനോജ്‌കുമാറാണ് ഒടുവിൽ ബി.ജെ.പി അംഗത്വമെടുത്തത്. കണ്ണൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥാണ് സജീവ കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പയിലേക്കെത്തിക്കാൻ നേതൃത്വം നൽകുന്നത്. സ്ഥാനാർഥിയെന്നതിലുപരി, കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ആകർഷിക്കുകയാണ് രഘുനാഥിന്റെ ദൗത്യം.
സുധാകരന്റെ വലംകൈയായിരുന്ന രഘുനാഥ് കോൺഗ്രസ് വിട്ടയുടനാണ് ബി.ജെ.പി സ്ഥാനാർഥിയായത്. ഘുനാഥ് ബി.ജെ.പിയിലേക്ക് പോകുന്നതിനെ പ്രോത്സാഹിപ്പിച്ചയാളുമാണ് സുധാകരൻ. അണികളെയും നേതാക്കളെയും ബി.ജെ.പിയിലെത്തിച്ച് ഒടുവിൽ അവിടെ അഭയംതേടാനാണ് സുധാകരന്റെ നീക്കമെന്ന സംശയം ന്യൂനപക്ഷവിഭാഗത്തിനുൾപ്പെടെയുണ്ട്.
തോന്നിയാൽ ബി.ജെ.പിയിലേക്കു പോകുമെന്നും ആർ.എസ്.എസ് ശാഖയ്‌ക്ക് കാവൽ നിന്നിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞതും വെറുതെയല്ല. എല്ലാ തെരഞ്ഞെടുപ്പിലും തനിക്ക് ആർ.എസ്.എസ് വോട്ട് ലഭിക്കാറുണ്ടെന്ന് സുധാകരൻ അഭിമുഖത്തിൽ സമ്മതിച്ചതുമാണ്. തലശേരിയിൽ ആർ.എസ്.എസ് ഓഫീസ് പണിയാൻ സഹായിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
സുധാകരന്റെ ആർ.എസ്.എസ് ബന്ധം
2018 ഫെബ്രുവരി 22ന് മാധ്യമങ്ങളിൽവന്ന ചിത്രം കെ സുധാകരൻ എത്ര മായ്‌ക്കാൻ ശ്രമിച്ചാലും മായാത്തതാണ്. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നിരാഹാരമിരിക്കുന്ന സുധാകരനെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സന്ദർശിക്കുന്നതാണ് ചിത്രം. ഗാന്ധിജിയുടെ ഫോട്ടോയ്‌ക്കുകീഴെ ഉപവസിക്കുന്ന സുധാകരനെ വത്സൻ യാദൃച്ഛികമായി സന്ദർശിച്ചതല്ല. കൂടിക്കാഴ്‌ചയായിരുന്നു.ഗാന്ധിഘാതകരായ ആർ.എസ്.എസ്സുമായി സുധാകരനുള്ള ബന്ധമാണ് കൂടിക്കാഴ്‌ചയിലൂടെ വെളിപ്പെട്ടത്.
കണ്ണൂരിൽ ചുവപ്പു ഭീകരതയെന്ന് പ്രചരിപ്പിച്ച് ആർ.എസ്.എസ്സും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനിടെയായിരുന്നു കൂടിക്കാഴ്‌ച. ബി.ജെ.പി പ്രസിഡന്റായിരുന്ന അമിത്‌ഷാ സി.പി.ഐ എമ്മിനെതിരെ കേരളത്തിൽ ജാഥ നയിച്ചതും ഡൽഹിയിൽ പാർടി ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് ആർ.എസ്.എസ് മാർച്ചുനടത്തിയതും ഇതേ സമയത്തായിരുന്നു.
സംഭവം കഴിഞ്ഞ് ഒരുവർഷത്തിനുശേഷമാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടുലഭിച്ച ബി.ജെ.പി സ്ഥാനാർഥി കണ്ണൂരിൽ മത്സരിച്ച സി. കെ. പി പത്മനാഭനായിരുന്നു. ബിജെപിയുടെ സമുന്നത നേതാവ് മത്സരിച്ചിട്ടും വോട്ടുമറിക്കാൻ ആർ.എസ്.എസ്സിന് മനഃസാക്ഷിക്കുത്തുണ്ടായില്ല.