വയനാട് കമ്പമലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം; വോട്ട് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു

Share our post

മാനന്തവാടി: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോവാദി സാന്നിധ്യം. ബുധനാഴ്ച രാവിലെ രാവിലെ 6.10 നാണ് സി.പി. മൊയ്‌തീൻ്റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തുന്നത്.

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും ഇവർ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ നാട്ടുകാരുമായി വാക്കുതർക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേർ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേർ മുകളിൽ കാത്തുനിൽക്കുകയുമാണ് ചെയ്തത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ മാവോവാദി സംഘമെത്തി കമ്പമലയിൽ പ്രവർത്തിക്കുന്ന വനം വികസന കോർപ്പറേഷൻ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികൾക്ക് ഐക്യദാർഢ്യമെന്ന പേരിൽ ഓഫീസിൽ നാശം വരുത്തി മടങ്ങിയിരുന്നത്.

കമ്പമല പാടിയിലെത്തിയ സായുധസംഘം മാവോവാദി നിരീക്ഷണത്തിനായി പോലീസ് സ്ഥാപിച്ച ക്യാമറ തകർക്കുകയും ചെയ്‌തിരുന്നു. അടിക്കടി മാവോവാദി സാന്നിധ്യമുണ്ടായ സാഹചര്യത്തിൽ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അന്ന് തോട്ടംതൊഴിലാളികൾ പണി മുടക്കിയിരുന്നു.

ജനപ്രതിനിധികളും പോലീസും ചേർന്ന് നടത്തിയ ചർച്ചയിൽ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ വീണ്ടും തൊഴിലിടങ്ങളിലേക്കിറങ്ങിയിരുന്നത്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!