മംഗളൂരു-കോട്ടയം-മംഗളൂരു പ്രത്യേക തീവണ്ടി ഒറ്റ സർവീസിൽ ഓട്ടം നിർത്തി; ഓൺലൈൻ റിസർവേഷൻ തകൃതി

കണ്ണൂർ: യാത്രത്തിരക്ക് കുറയ്ക്കാൻ ശനിയാഴ്ചകളിൽ ഓടിക്കാൻ തീരുമാനിച്ച മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) ഒറ്റ സർവീസോടെ റെയിൽവേ നിർത്തി. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു വണ്ടി പ്രഖ്യാപിച്ചത്. 20-ന് ഓടിക്കുകയും ചെയ്തു. എന്നാൽ വണ്ടിയുടെ തുടർന്നുള്ള ആറ് സർവീസ് പൊടുന്നന്നെ ചൊവ്വാഴ്ച റദ്ദാക്കി.
പക്ഷേ, യാത്രക്കാരെ പറ്റിച്ച് ചൊവ്വാഴ്ച ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തുടരുകയും ചെയ്തു. നിരവധി യാത്രക്കാർ ഇല്ലാത്ത വണ്ടിക്ക് ഓൺലൈനിൽ ടിക്കറ്റ് എടുത്തിട്ടുണ്ട്.
റിസർവേഷനിലും സമയത്തിലും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് പ്രത്യേക വണ്ടി ആരംഭിച്ചതെന്ന് ആദ്യം തന്നെ പരാതി ഉയർന്നിരുന്നു. വണ്ടിയുടെ ആദ്യ സർവീസിലും ബുക്കിങ് പ്രശ്നം സംഭവിച്ചു. 20-ന് കോട്ടയത്തുനിന്ന് മംഗളൂരുവിലേക്കുള്ള സർവീസിന്റെ റിസർവേഷൻ ഓൺലൈനിൽ ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. എന്നാൽ സ്റ്റേഷൻ കൗണ്ടറിൽ ടിക്കറ്റ് ലഭിക്കുകയും ചെയ്തു. റെയിൽവേ സർവറിന്റെ തകരാർ പിന്നീട് പരിഹരിച്ചു.
21 കോച്ചുള്ള വണ്ടിയിൽ 19 എണ്ണം സ്ലീപ്പർ കോച്ചാണ്. ഇതിൽ ഉയർന്ന നിരക്കാണ് ഈടാക്കിയത്. ആറ് സ്റ്റോപ്പുകൾ മാത്രം അനുവദിച്ച വണ്ടിയുടെ സമയക്രമീകരണവും യാത്രക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ബഫർ സമയം കൊടുത്തതിനാൽ സ്റ്റേഷനുകളിൽ മണിക്കുറുകളോളം പിടിച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ 10.30-ന മംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.30-ന് കോട്ടയത്ത് എത്തുന്നതായിരുന്നു സമയം. ശനിയാഴ്ച രാത്രി 09.45-ന് തിരിച്ച് പുറപ്പെടും. ഞായറാഴ്ച രാവിലെ 6.55-ന് മംഗളൂരുവിൽ എത്തുന്നതായിരുന്നു സമയം.