ബോട്ട് ടെർമിനലും ഫ്ലോട്ടിങ് മാർക്കറ്റും തയ്യാർ: പാപ്പിനിശ്ശേരിയുടെ മുഖച്ഛായ മാറ്റാനൊരുങ്ങി പാറക്കൽ

പാപ്പിനിശ്ശേരി: വളപട്ടണം പുഴയോര വിനോദസഞ്ചാര കേന്ദ്രത്തിന്റെ മുഖമുദ്രയാകാനൊരുങ്ങി പാപ്പിനിശ്ശേരിയിലെ പാറക്കൽ. അത്യാധുനിക സൗകര്യങ്ങളോടെ ബോട്ട് ടെർമിനലിന്റെയും വെനീസ് ഫ്ലോട്ടിങ് മാർക്കറ്റിന്റെയും നിർമാണം പൂർത്തിയായി. അവസാനഘട്ട പണികൾ പൂർത്തിയാക്കി, തിരഞ്ഞെടുപ്പിന് ശേഷം തുറക്കുമെന്നാണ് പ്രതീക്ഷ.
ബോട്ട് സർവീസും ഫ്ലോട്ടിങ് ബ്രിഡ്ജിലൂടെയുള്ള നടത്തവും പാർക്കും ഇവിടെ ഒരിക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായധനത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കോടി 90 ലക്ഷമാണ് പദ്ധതിച്ചെലവ്.
ഫ്ലോട്ടിങ് ബ്രിഡ്ജ് ആദ്യം വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് നിശ്ചയിച്ചത്. നിർമാണവും തുടങ്ങിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങളുൾപ്പെടെയുള്ള കാരണങ്ങളാൽ ബ്രിഡ്ജിന്റെ സാമഗ്രികൾ ദീർഘകാലം കരയ്ക്ക് വിശ്രമത്തിലായിരുന്നു. പിന്നീടാണ് അവ പാറക്കലിൽ എത്തിച്ച് നിർമാണം പൂർത്തിയാക്കിയത്.
ഇവയ്ക്കൊപ്പം പാപ്പിനിശ്ശേരി പഞ്ചായത്തും വിനോദസഞ്ചാരത്തിന് കൊഴുപ്പേകാൻ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചതോടെ പാറക്കൽ വിനോദ സഞ്ചാരികളുടെ ഒരു ഹബ്ബായി മാറാനുള്ള ഒരുക്കത്തിലാണ്. പറശ്ശിനിക്കടവിലേക്ക് കേവലം നാല് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
വിഭാവനംചെയ്യുന്നത് ടൂറിസം സർക്യൂട്ട്
വളപട്ടണം പുഴയിലെ പ്രധാന തുരുത്തുകളിലേക്കും ചെറു ദ്വീപുകളിലേക്കും സഞ്ചാരികളെ ബോട്ട് സർവീസിലൂടെ എത്തിച്ചുള്ള ടൂറിസം സർക്യൂട്ട് ഉണ്ടാക്കാനാണ് ശ്രമം. ഇതിനായി വളപട്ടണം പുഴയിലെ മനോഹരമായ ഭഗത് സിങ്ങ് ദ്വീപിനെ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനായി പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴിലുള്ള ഭഗത് സിങ് ദ്വീപിൽ ആവശ്യമായ സൗകര്യവും പാറക്കലിൽ ഇരിപ്പിടങ്ങളും പാർക്കും ഒരുക്കാനും തീരുമാനമുണ്ട്.