വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ബിഎൽഒ മരിച്ചു
        കോട്ടയം: വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വർക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി ആശാലത (56) ആണ് മരിച്ചത്. പാലാ നിയമസഭാ മണ്ഡലത്തിലെ 126-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ ആയിരുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മൂന്നാനി ഭാഗത്തായിരുന്നു അപകടമുണ്ടായത്. റോഡിനു കുറുകെ കടക്കുമ്പോൾ കാറിടിച്ച് പരിക്കേൽക്കുകയായിരുന്നു.
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പാലാ കണ്ണാടിയുറുമ്പ് മുതുകുളത്ത് രാധാമണിയമ്മയുടെയും തങ്കപ്പൻ നായരുടെയും മകളാണ് പി.ടി ആശാലത. ഭർത്താവ് പരേതനായ സയനൻ. മക്കൾ – അർജുൻ (നോർവെ), നിബില (ദുബൈ). സംസ്കാരം പിന്നീട് നടക്കും.
