എ.ഐ സാധ്യത: അധ്യാപകർ പഠിക്കും, പിന്നെ പഠിപ്പിക്കും

തിരുവനന്തപുരം : സ്കൂൾ വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധി (എഐ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് കൈറ്റിന്റെ പ്രായോഗിക പരിശീലനം. സെക്കൻഡറി തലംമുതലുള്ള 80,000 അധ്യാപകർക്ക് മൂന്നുദിവസത്തെ പരിശീലനം മെയ് രണ്ടിന് ആരംഭിക്കും. ഹയർ സെക്കൻഡറി-, ഹൈസ്‌കൂൾ ഐടി കോ-–-ഓർഡിനേറ്റർമാർക്കും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാർക്കുമാണ് ആദ്യ ബാച്ചുകളിൽ പരിശീലനം.
180 മാസ്റ്റർ ട്രെയിനർമാർക്ക് ഒരുമാസത്തെ പരിശീലനം കൈറ്റ് പൂർത്തിയാക്കി. എട്ടാം ക്ലാസ് മുതലുള്ള അധ്യാപകർ ആഗസ്തിനകം എ.ഐ പരിശീലനം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ്.
25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലാണ് പരിശീലനം. ലാപ്‍ടോപ്പിലും സ്മാർട്ട് ഫോണിലും എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ അധ്യാപകർക്ക് കൈറ്റ് നൽകിയ ജി- സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും. കൈറ്റിന്റെ വിദഗ്ധസമിതി പരിശോധിച്ച് നിർദേശിക്കുന്ന എ.ഐ ടൂളുകളായിരിക്കും പരിശീലനത്തിന് ഉപയോഗിക്കുന്നത്.
ഓരോ കുട്ടിക്കും അനുയോജ്യമാം വിധത്തിൽ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഭിന്നശേഷി സൗഹൃദമാക്കാനും പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിങ്, മെഷീൻ ലേണിങ് തുടങ്ങിയവയാണ് പരിശീലനത്തിലെ വിഷയങ്ങൾ.
അധ്യാപകർക്ക് യൂണിറ്റ് ടെസ്റ്റുകൾമുതൽ വിവിധ ചോദ്യമാതൃകകൾ തയ്യാറാക്കാനും മൂല്യനിർണയം നടത്താനുമുള്ള എ.ഐ സങ്കേതങ്ങളെയും പരിചയപ്പെടുത്തും. ഡീപ്‍ഫേക്ക്, അൽഗൊരിതം പക്ഷപാതിത്വം എന്നിവയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.