പത്ത് വർഷം പഴക്കമുള്ള ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ റദ്ദാക്കപ്പെടുമോ?

രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങി എല്ലാ പ്രധാന രേഖകളും ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്. കൂടാതെ ആധാർ പുതുക്കാനുള്ള അവസരം ഇപ്പോഴുണ്ട്.
പത്ത് വർഷത്തിന് മുമ്പ് എടുത്ത ആധാർ കാർഡ് നിർബന്ധമായും പുതുക്കണമെന്നും ഇല്ലെങ്കിൽ ആധാർ റദ്ദാക്കപ്പെടുമെന്നും ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ വാർത്തകളിൽ പലതും അടിസ്ഥാനം ഇല്ലാത്തതും വ്യാജവുമാണ്. എന്താണ് സത്യാവസ്ഥ ?
പത്ത് വർഷത്തിന് ശേഷം ആധാർ പുതുക്കുന്നത് നിർബന്ധമല്ലെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം പുതുക്കുന്നത് നല്ലതാണ്. ആധാർ കാർഡ് പഴയത് ആണെങ്കിൽ അത് അപ്ഡേറ്റ് ചെയ്താൽ ഉപയോക്താക്കൾക്ക് മാത്രമേ അതിൻ്റെ പ്രയോജനം ലഭിക്കൂ.
ആധാർ കാർഡിലെ വിലാസമോ ഫോട്ടോയോ വർഷങ്ങൾ പഴക്കം ഉള്ളതാകാം, അത്തരമൊരു സാഹചര്യത്തിൽ അത് അപ്‌ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. അതേസമയം ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെ പോലെ തന്നെ പ്രവർത്തിക്കും. റദ്ദാക്കപ്പെടുകയോ പ്രവർത്തന രഹിതമാകുകയോ ചെയ്യില്ല.
ആധാർ പുതുക്കാൻ ഫീസ് നൽകേണ്ടത് ആവശ്യമാണ്. ഓൺലൈൻ ആയാണ് പുതുക്കുന്നതെങ്കിൽ സൗജന്യമാണ്. ജൂൺ 15വരെ മാത്രമാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. ആധാറിന് പത്ത് വർഷത്തിൽ അധികം പഴക്കം ഉണ്ടെങ്കിൽ ആ സമയത്തിനകം നഗരമോ വിലാസമോ മാറ്റിയിട്ടുണ്ടെങ്കിൽ, തിരിച്ചറിയൽ രേഖയായി ഇത് നല്കാൻ കഴിയില്ല. അതിനാൽ ആധാർ പുതുക്കേണ്ടത് ആവശ്യമായി വരുന്നു.
ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ആയ myaadhaar.uidai.gov.in – വഴി ചെയ്യാവുന്നതാണ്