റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

കണ്ണൂർ : തീവ്രമായ ചൂട് കണക്കിലെടുത്ത് യാത്രക്കാർക്ക് കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്‌റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്‌ഥാപിക്കും. സ്‌റ്റേഷനുകളുടെ വലുപ്പവും യാത്രക്കാരുടെ എണ്ണവുമനുസരിച്ച് പാലക്കാട് ജങ്ഷൻ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ നിലവിലുള്ളതിനു പുറമെ രണ്ടോ മൂന്നോ കൂളറുകൾ കൂടി സ്‌ഥാപിക്കാനാണ് തീരുമാനം. ഇവയ്ക്കിടയിലുള്ള ചെറിയ സ്‌റ്റേഷനുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനായി കൂളറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി അവിടങ്ങളിൽ പരിശോധന നടത്തും.
സാധാരണ ശുദ്ധജലവും തണുത്ത വെള്ളവും കൂളറിൽ നിന്നു ലഭിക്കും. ചൂടുവെള്ളം ലഭിക്കുന്നവയും ചിലയിടത്തുണ്ടാകും. തുടർച്ചയായ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തദ്ദേശസ്‌ഥാപനങ്ങളുടെ സഹായം തേടാൻ ഡിവിഷൻ അധികൃതർ നിർദേശം നൽകി. സ്‌റ്റേഷനുകളിൽ കൂടാതെ, ട്രെയിനുകളിലും കൂടുതൽ തവണ വാട്ടർ ബോട്ടിലുകൾ എത്തിക്കാനുള്ള നടപടിയും ആരംഭിച്ചു. ദീർഘദൂര ട്രെയിനുകളിൽ പലപ്പോഴും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പല സന്ദർഭങ്ങളിലും ഇക്കാര്യം യാത്രക്കാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്താറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല. നേരത്തെ ശുദ്ധജലം ലഭ്യമായിരുന്ന സൗകര്യങ്ങളും പലയിടത്തും ഇല്ലാതായി.