പേരാവൂരിലെ സഹായി വോട്ട്: നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ല-ജില്ലാ കലക്ടര്‍

Share our post

പേരാവൂർ: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

മൈക്രോ ഒബ്‌സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യത്തില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായതായി ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പേരാവൂര്‍ അസി. റിട്ടേണിങ്ങ് ഓഫീസറായ ഡിവിഷണല്‍ ഫോറസറ്റ് ഓഫീസര്‍ എസ് വൈശാഖ് റിപ്പോര്‍ട്ട് നല്‍കിയതായും കലക്ടര്‍ അറിയിച്ചു.

പേരാവൂര്‍ ബംഗ്ലക്കുന്നിലെ 123 നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ കല്ല്യാണി എറക്കോടന്‍ ഹൗസ് എന്നവരുടെ വീട്ടില്‍ ഏപ്രില്‍ 20ന് ഉച്ചയോടെയാണ് സ്‌പെഷ്യല്‍ പോളിങ്ങ് ടീം ചെന്നത്. പോളിങ്ങ് സ്‌റ്റേഷന്‍ പരിധിയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യവും മുന്‍കൂട്ടി അറിയിച്ച് ഉറപ്പുവരുത്തിയിരുന്നു. ഈ സമയം വോട്ടറുടെ മകളും അടുത്ത ബന്ധുവും അവിടെ ഉണ്ടായിരുന്നു. വോട്ടറുടെ മകള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വോട്ടറും മകളും അടുത്തബന്ധുവിനെ സഹായിയായി നിര്‍ദേശിക്കുകയാണുണ്ടായത്.

1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുകന്ന പക്ഷം യഥാര്‍ഥ വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായി വോട്ടറായി പ്രവര്‍ത്തിക്കാവുന്നതാണ്. പയ്യന്നൂരില്‍ കോറോം വില്ലേജിലെ മാധവന്‍ വെളിച്ചപ്പാടിന്റെ വോട്ട് ചെയ്തത് സംബന്ധിച്ച പരാതിയിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 18ന് വൈകിട്ട് മൂന്നരയോടെയാണ് പോളിങ്ങ് ടീം ഈ വീട്ടില്‍ എത്തിയത്.

വോട്ടര്‍ക്ക് പ്രായാധിക്യം കാരണം സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്രകാരമാണ് ഇ വി സുരേഷ് എന്നയാളെ സഹായി വോട്ടറായി അനുവദിച്ചത്. ഇതുസംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട രേഖകളില്‍ വോട്ടര്‍ വിരലടയാളം നല്‍കുകയും ചെയ്തിട്ടുണ്ട്. വോട്ടിങ്ങ് നടപടികളുടെ വീഡിയോ പരിശോധിക്കുകയും മൈക്രോ ഒബ്‌സര്‍വര്‍, പോളിങ്ങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത് അസി. റിട്ടേണിങ്ങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് ജോണ്‍ റിപ്പോര്‍ട്ട് കൈമാറിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!