ഏപ്രിൽ-മേയ് മാസത്തിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് അല്ലാത്ത ഒരു കക്ഷിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന ആദ്യ തിരഞ്ഞെടുപ്പ്.
543 മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മത്സരിച്ച ബി.ജെ.പി.ക്ക് തനിച്ച് 282 സീറ്റുകൾ. എൻ.ഡി.എ.യ്ക്ക് 336 സീറ്റുകൾ. കോൺഗ്രസിന് 44 മാത്രം. ഇടുക്കിയിൽനിന്നുള്ള സ്വതന്ത്രൻ ജോയ്സ് ജോർജ് ഉൾപ്പെടെ ഇടതുപക്ഷത്തിന് കേരളത്തിൽനിന്ന് എട്ടുപേർ. മൊത്തം 12 പേർ. പി. കരുണാകരനായിരുന്നു ഗ്രൂപ്പിന്റെ നേതാവ്.
കണ്ണൂരിൽ നിന്ന് വിജയിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയായിരുന്നു ഇടതുപക്ഷത്തെ ഏക വനിതാ അംഗം.
രണ്ടുതവണ പയ്യന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് വിജയിക്കുകയും വി.എസ്. മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയാകുകയും ചെയ്ത പി.കെ. ശ്രീമതി കന്നിയങ്കത്തിൽതന്നെ ലോക്‌സഭയിലേക്ക് വിജയിച്ചു.
ലോക്‌സഭയിലേക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ, ആത്മവിശ്വാസക്കുറവൊന്നും അനുഭവപ്പെട്ടില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജയിക്കുമെന്നോ തോൽക്കുമെന്നോ ഉറപ്പിച്ചില്ല. വലിയ ഭൂരിപക്ഷമില്ലെങ്കിലും വിജയിച്ചു.
സഭയിലെത്തിയപ്പോൾ ഭാഷയും പാർലമെന്റ് നടപടിക്രമങ്ങളും പഠിക്കാൻ നന്നായി ഗൃഹപാഠം നടത്തി.
സഭചേരുന്ന എല്ലാ ദിവസങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയവും സബ്മിഷനും അവതരിപ്പിച്ചു. പ്രധാന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇടപെട്ടു. സഭ തീരുന്നത് വരെ ഇരുന്ന് നടപടികൾ വീക്ഷിച്ചു. ദിവസവും ഹാജരായി.
പാർലമെന്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ സംസാരിക്കാൻ പറ്റൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇന്ത്യയിലെ എല്ലാ അംഗീകൃത ഭാഷയിലും പ്രസംഗിക്കാം. പ്രാദേശികഭാഷയിൽ പ്രസംഗിക്കുന്നവർ മുൻകൂട്ടി എഴുതിക്കൊടുക്കണം. ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തത്‌സമയ പരിഭാഷയുണ്ടാകും.
ബ്രിട്ടീഷ് പാർലമെന്ററി രീതികളെക്കുറിച്ച് പഠിക്കാൻ ലോക്‌സഭയിൽനിന്നും തിരഞ്ഞെടുത്ത പത്തംഗ സംഘത്തിൽ പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു. പത്ത് ദിവസം നീണ്ടതായിരുന്നു ലണ്ടൻയാത്ര.
അഞ്ചുവർഷക്കാലത്തെ പാർലമെന്റ് ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവം രാഷ്ട്രപതിഭവനിലേക്ക് ലഭിച്ച ഒരു ക്ഷണമാണ്.
2016-ലെ റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ബാഡ്‌മിന്റൻ താരം പി.വി. സിന്ധു, ഗുസ്തി താരം സാക്ഷിമാലിക് തുടങ്ങിയവർക്ക് രാഷ്ടപതിഭവനിൽ നൽകിയ സ്വീകരണത്തിലുള്ള ക്ഷണമായിരുന്നു അത്. കേരളത്തിൽനിന്ന് വേറെ ആർക്കും ക്ഷണമില്ല. പ്രണാബ് മുഖർജിയായിരുന്നു രാഷ്ട്രപതി. പി.കെ. ശ്രീമതി