മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

Share our post

മഷി പുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാന അവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള ഇന്‍ഡെലിബിള്‍ ഇങ്ക് സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി.

63,100 കുപ്പി മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താൻ ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കൻഡ് കൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല.

പോളിങ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍ (എംവിപിഎല്‍) നിന്ന് എത്തിച്ചത്.

ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇത് ഉപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ട് ചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലില്‍ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ്.

ആദ്യ പോളിങ് ഓഫീസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്ത് കഴിഞ്ഞാല്‍ രണ്ടാം പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടത് കൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടത് കൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധി വരെ ബ്രഷ് കൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക.

ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടിയിട്ടുണ്ട്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു ഫോര്‍മുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!