വയനാട്ടിൽ നിന്ന് ഓടിപ്പോകേണ്ട അവസ്ഥ, രാഹുലിന് മറ്റൊരു സുരക്ഷിത സീറ്റ് 26-ന് ശേഷം പ്രഖ്യാപിക്കും- മോദി

Share our post

മുംബൈ: വയനാട്ടില്‍ രാഹുല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍നിന്ന് ഓടിപ്പോകേണ്ടിവന്ന രാഹുലിന് വയനാട്ടിലും അതേ അവസ്ഥയാണ്. വയനാട്ടില്‍ 26-ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരക്ഷിതമായ മറ്റൊരു സീറ്റ് രാഹുലിനായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടിലും പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിരിക്കുകയാണ്. അവിടെ ജയിക്കുക എളുപ്പമല്ലെന്ന് രാജകുമാരന് അറിയാം. ഏപ്രില്‍ 26-ന് വയനാട്ടിലെ വോട്ടെടുപ്പിനായി കാത്തിരിക്കുകയാണ് രാജകുമാരനും സംഘവും. അവിടെ വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ രാജകുമാരന് സുരക്ഷിതമായ മറ്റൊരു സീറ്റ് പ്രഖ്യാപിക്കും’, മോദി പറഞ്ഞു.

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ടര്‍മാര്‍ ഇന്ത്യാ മുന്നണിയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യാ മുന്നണിയെ ആര് നയിക്കുമെന്നത് വോട്ടര്‍മാര്‍ക്ക് ഒരു ധാരണയും ഇല്ല. സത്യത്തില്‍ ആരാണ് നയിക്കുന്നതെന്ന് ആ മുന്നണിയിലെ നേതാക്കള്‍ക്ക് പോലും അറിയില്ലെന്നും മോദി പരിഹസിച്ചു. 25 ശതമാനം സീറ്റുകളിലും ഇവര്‍ പരസ്പരം മത്സരിക്കുന്നുണ്ട്. പരസ്പരം വിശ്വാസമില്ലാത്ത ഇവരെ രാജ്യം എങ്ങനെ വിശ്വസിക്കുമെന്നും മോദി ചോദിച്ചു.

ചില ആളുകള്‍ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പോലുംധൈര്യമില്ല. അതുകൊണ്ടാണ് അവര്‍ രാജ്യസഭയിലേക്ക് പോയതെന്നും സോണിയ ഗാന്ധിയെ ലക്ഷ്യംവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!