നാദാപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷമനസ്സോ സംഘപരിവാര്‍ മനസ്സോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് പ്രകടന പത്രികയിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നുണയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കുറ്റ്യാടി-നാദാപുരം മണ്ഡലത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അനാവശ്യമായി തന്റെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാതി. അങ്ങനെയല്ല. ന്യായ് യാത്ര നടത്തിവന്ന ശേഷം വയനാട്ടില്‍ പത്രിക കൊടുക്കാന്‍ വന്നപ്പോളെങ്കിലും രാഹുല്‍ സി.എ.എയില്‍ അഭിപ്രായം പറയാന്‍ തയ്യാറായോ? പ്രകടനപത്രികയില്‍ എല്ലാമുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് പച്ചക്കള്ളമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ പേജിലോ ഖണ്ഡികയിലോ ആ പത്രികയിലോ പൗരത്വ നിയമ ഭേദഗതി എന്ന വാക്കില്ല. പെരുംനുണയാണ് പ്രതിപക്ഷനേതാവ് പൊതുജനങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഞങ്ങള്‍ക്ക് പറയാന്‍ മനസ്സില്ലെന്നാണ് ഈ വിഷയത്തെപ്പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ചുമതല ഉള്ള വ്യക്തി പറഞ്ഞത്. അത് തുറന്നുപറഞ്ഞത് നല്ല കാര്യം. പ്രകടന പത്രകയില്‍നിന്ന് ഇത് നേതാക്കള്‍ ആലോചിച് ഒഴിവാക്കിയതാണ്. സംഘപരിവാര്‍ അജണ്ട കൊണ്ടുവരുമ്പോള്‍ ആ മനസ്സുള്ളവര്‍ അത് ഒഴിവാക്കും. നിങ്ങള്‍ക്ക് സംഘപരിവാര്‍ മനസ്സാണോ മതേതര മനസ്സാണോ എന്ന് രാഹുല്‍ ഗാന്ധി കേരളത്തിന് മുമ്പില്‍ തുറന്നുപറയണം. സംഘപരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്ന മനസ്സ് രാഹുലിന് എങ്ങനെ ഉണ്ടായെന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.എ.എ. സമരത്തില്‍ ആദ്യം സഹകരിച്ച കോണ്‍ഗ്രസ് പിന്നീട് പിന്മാറിയത് അഖിലേന്ത്യാ നേതൃത്വത്തിന്റെ താല്‍പര്യത്തിന് വഴങ്ങിയാണ്. കേന്ദ്രം പ്രമേയം പാസാക്കിയാല്‍ നടപ്പിലാക്കാതിരിക്കാന്‍ കഴിയുമോ എന്നാണ് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞത്. അപ്പോള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്താണെന്ന് രാഹുല്‍ വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസംഗിക്കുന്നുണ്ടല്ലോ, ഇതല്ല സത്യമെങ്കില്‍ അദ്ദേഹം പറയട്ടെ. വിമര്‍ശിക്കപ്പെടുന്നു എന്ന് പരാതിപ്പെടുന്നയാള്‍ എന്തിനാണ് വിമര്‍ശിക്കപ്പെടുന്നത് എന്നുകൂടി ചിന്തിക്കണം.
എന്തും പ്രചരിപ്പിക്കാന്‍ തയ്യാറാണ് എന്ന സ്ഥിതിവിശേഷത്തിലാണ് എല്‍.ഡി.എഫിനെ നേരിടുന്നവര്‍ എത്തി നില്‍ക്കുന്നത്. വലിയ ആവേശത്തോടെ തിരഞ്ഞെടുപ്പിന് എത്തിയവര്‍ക്ക് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പറ്റാതെ സമനിലതെറ്റി എന്തും വിളിച്ചുപറയുന്ന മാനസികനിലയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുതരം ആളുകളുണ്ട്. ഒന്ന്, സ്വന്തം സംസ്‌കാരംവെച്ച് മറ്റുള്ളവരെ അളന്ന് പലതും വിളിച്ചുപറയലാണ്. അത് തെറ്റാണെന്ന് പറയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല, പകരം അവരും അവരുടേതായ സംഭാവന നല്‍കുന്നു.
പ്രതിപക്ഷ നേതാവ് എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കി, അതിനെപ്പറ്റി പഠിച്ച ശേഷം മാത്രം സംസാരിക്കുന്ന ആളാണ് എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍, അടുത്ത കാലത്തായി അദ്ദേഹം പറയുന്ന പല കാര്യങ്ങളിലൂടെയും ആ ധാരണ തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. തരംതാണതും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് കേരളത്തിന് ബോധ്യമായി വരുന്നുണ്ട്. നുണയ്ക്ക് സമ്മാനം കൊടുത്താല്‍ പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം കൊടുക്കണം.
എല്ലാത്തിനും തെളിവുണ്ട്, പിന്നീട് തരാം എന്നാണ് സതീശന്റെ മറുപടി. ഇതിന് മറുപടി പറയേണ്ടത് മറ്റൊരു തരത്തില്‍ ബഹുമാന്യനായ വ്യക്തി ആയതിനാല്‍ ഇപ്പൊ പറയുന്നില്ല. അത് പറഞ്ഞതായി കണക്കാക്കിയാല്‍ മതി. ഡി.എല്‍.എഫ്. കാര്യത്തില്‍ ബി.ജെ.പിയുമായി ആരാണ് അന്തര്‍ ധാരയുണ്ടാക്കിയതെന്ന് സതീശന് അറിയില്ലേ? അന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്രയുമായി ഉണ്ടാക്കിയ അന്തര്‍ധാര ഇലക്ടറല്‍ ബോണ്ട് വിഷയത്തിനിടയിലാണ് വീണ്ടും പൊങ്ങിവന്നത്. 170 കോടി രൂപ കൈയില്‍ വാങ്ങിയപ്പോള്‍ ബി.ജെ.പിക്കും വാദ്രയ്ക്കും ക്ലീന്‍ ചിറ്റ്. ഇതൊന്നും സതീശന് അറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. യു.ഡി.എഫ്. എം.പിമാര്‍ കേരളത്തിന്റെ വിഷയത്തില്‍ ഒന്നിച്ചുനിന്നില്ല. കശ്മീരിന് പദവി ഒഴിവാക്കിയപ്പോള്‍ ശക്തമായ നിലപാട് എടുത്തോ? രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് തീരുമാനത്തെ അഭിനന്ദിച്ചു. സംഘ പരിവാര്‍ അജണ്ടയുള്ള എത്രപേര്‍ ഒപ്പം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പറയണം. യു.എ.പി.എ. കൂടുതല്‍ കരിനിയമം ആക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പംനിന്നു.
കേന്ദ്രസര്‍ക്കാരിനോട് ഇതുപോലെ ചാരിനിന്ന കൂട്ടര്‍ വേറെ എവിടെയുണ്ട്. ബി.ജെ.പിക്ക് എം.പിമാര്‍ ഉണ്ടായിരുന്നെങ്കില്‍പോലും ഇത്രകണ്ട് ഒപ്പംനില്‍ക്കില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചര്‍ എല്ലാ ഘട്ടത്തിലും മികവാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച വെച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചറുടെ സ്വീകാര്യത കണ്ട് ചിലര്‍ക്ക് സമനില തെറ്റിപ്പോയി. അപ്പോളാണ് ചിലരുടെ ഭാഗത്തുനിന്ന് നിലതെറ്റിയ പ്രവര്‍ത്തനം ഉണ്ടായത്. അത് അവര്‍ക്കുതന്നെ വിനയായി. സാംസ്‌കാരിക കേരളം ഇതൊന്നും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീയില്‍ വളര്‍ന്ന പിണറായി വിജയനെ ഇ.ഡിയെ കാണിച്ച് മുട്ടുവിറപ്പിക്കാന്‍ നോക്കുന്നു- എം.വി. ശ്രേയാംസ്‌കുമാര്‍
നാദാപുരം: തീയില്‍ വളര്‍ന്ന പിണറായി വിജയനെ ഇ.ഡിയെ കാണിച്ച് മുട്ടുവിറപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും എം.വി. ശ്രേയാംസ്‌കുമാര്‍. കോഴിക്കോട് കുറ്റ്യാടി-നാദാപുരം മണ്ഡലത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കേരളത്തെ പ്രതിസന്ധിയില്‍ ആക്കിയപ്പോള്‍ യു.ഡി.എഫ്. എന്ത് ചെയ്തു? രാജ്യത്തിന്റെ മതേതരത്വം ചേദ്യം ചെയ്യപ്പെട്ടപ്പോള്‍ യു.ഡി.എഫ്. എം.പിമാര്‍ എന്ത് ചെയ്തുവെന്നും ശ്രേയാംസ്‌കുമാര്‍ ചോദിച്ചു.