കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നേക്കും, അയിത്തം കല്പിക്കേണ്ടതില്ല- മോദിയെ പുകഴ്ത്തി വരാപ്പുഴ അതിരൂപത

കൊച്ചി: ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചും ബി.ജെ.പിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. യു.ഡി.എഫ്., എൽ.ഡി.എഫ്. സഖ്യങ്ങൾ വർഗീയ പ്രീണനമാണ് തുടരുന്നതെന്നും രണ്ടു പാർട്ടിയുടേയും അന്തരാത്മാവ് വർഗീയതയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ബി.ജെ.പി. കരുത്തോടെ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ- ലേഖനത്തിൽ പറയുന്നു.
ബി.ജെ.പി. കേരളത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാനാണ് സാധ്യത എന്ന് ലേഖനത്തിൽ പറയുന്നതോടൊപ്പം തന്നെ, ഇനിയും അയിത്തം കല്‍പിച്ച് പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്തുനിര്‍ത്തും. അതിലും നല്ലത് നമുക്ക് അകത്ത് കടക്കുകയല്ലേ വേണ്ടത്. മാത്രമല്ല, എത്രകാലം നമ്മള്‍ അധികാരസീമകള്‍ക്ക് പുറത്തുജീവിക്കും എന്നും ചോദിക്കുന്നുണ്ട്. അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് മാത്രം വോട്ട് ചെയ്യാൻ ഈ പാർട്ടി നമുക്ക് എന്ത് ചെയ്തു എന്നും ലേഖനത്തിൽ ചോദിക്കുന്നു.
കമ്മ്യൂണിസ്റ്റുകാർ അവരുടെ പാർട്ടിക്കാരെ മാത്രമേ സേവിക്കൂ. അതിന് വേണ്ടി ഏത് നിയമവും കാറ്റിൽ പറത്തും. മാത്രമല്ല ദേശീയ തലത്തിൽ വലിയ പ്രതീക്ഷയില്ലാത്ത പാർട്ടിയാണിത്. അതിനേക്കാളുപരി കുറേ ക്രിമിനലുകളുടെ സങ്കേതമായി മാറിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്മ്യൂണിസം അറിയാവുന്നവരാരുമില്ല ഇപ്പോൾ ആ പാർട്ടിയിൽ. അതിനാൽ അവരെ ആ വഴിക്ക് വിടുക- ലേഖനത്തിൽ പറയുന്നു.