ഹയർ സെക്കൻഡറി അധ്യാപകർക്കെല്ലാം ഇനി നിർബന്ധിത പരിശീലനം

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിൽ ഗുണമേന്മ ഉറപ്പാക്കാൻ ഇനി എല്ലാവർഷവും എല്ലാ അധ്യാപകർക്കും നിർബന്ധിത പരിശീലനം. കൗമാരക്കാർ പഠിക്കുന്ന ക്ലാസ്‌മുറികളെ കാലത്തിനൊത്തു സജ്ജമാക്കാൻ നൂതന മനഃശാസ്ത്ര സമീപനവും പരിശീലനത്തിൽ ഉൾപ്പെടുത്തി. ക്ലാസ് റൂം മാനേജ്‌മെന്റ് വൈദഗ്ധ്യം എല്ലാ അധ്യാപകർക്കും ഉറപ്പാക്കി അധ്യാപക-വിദ്യാർഥി ബന്ധം ദൃഢമാക്കും.
സങ്കീർണമാണ് കൗമാരമെന്നതിനാൽ സാമൂഹികമാറ്റങ്ങളെ വേഗം ഉൾക്കൊള്ളാനുള്ള പ്രവണത വിദ്യാർഥികളിൽ വളർത്തിയെടുക്കും. ചില കുട്ടികളിലെങ്കിലും അമിതമായ ഉത്കണ്ഠ, വിഷാദം, പഠനപ്രശ്നങ്ങൾ, മയക്കുമരുന്ന് ഉപയോഗം, അക്രമവാസന എന്നിവയും കണ്ടുവരുന്നു. ഇതിനെല്ലാമനുസരിച്ച് അധ്യാപകരെ പാകപ്പെടുത്തും.തൊഴിൽവിദ്യാഭ്യാസത്തിലേക്കു ചുവടുമാറുന്നതാണ് പുതിയ സ്‌കൂൾ പാഠ്യപദ്ധതി. അതനുസരിച്ച് അധ്യയനരീതി മാറ്റേണ്ടിവരും. ഉന്നതവിദ്യാഭ്യാസം ഈ വർഷംമുതൽ നാലുവർഷ ബിരുദത്തിലേക്കു മാറുന്നതും സി.യു.ഇ.ടി.പോലുള്ള ദേശീയതല മത്സരപരീക്ഷകൾക്ക് പ്ലസ്ടു മാർക്ക് അടിസ്ഥാനമായതും കണക്കിലെടുത്തു.
പ്ലസ്ടുവിദ്യാഭ്യാസം കഴിഞ്ഞു തൊട്ടടുത്തവർഷം കുട്ടികൾ വോട്ടവകാശം നേടുമെന്നതിനാൽ അവർക്കു ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളിലും ഭരണഘടനാതത്ത്വങ്ങളിലും അറിവാർജിക്കാനുള്ള അവസരങ്ങളുമൊരുക്കും. അധ്യയനം, പരീക്ഷ, ക്ലാസ്‌മുറി തുടങ്ങിയ എല്ലാ മേഖലകളിലും നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ അധ്യാപകരെ പ്രാപ്തരാക്കും.
ഹയർ സെക്കൻഡറി അധ്യാപകപരിശീലന പരിപാടി 2018-19ൽ ആരംഭിച്ചെങ്കിലും ഇതുവരെ 5300 അധ്യാപകരേ പരിശീലനം നേടിയിട്ടുള്ളൂ. ഇനി നിർബന്ധിത പരിശീലനമായിരിക്കും.ആദ്യഘട്ടമായി സംസ്ഥാനത്തെ 28,028 അധ്യാപകർക്ക് മേയിൽ നാലുദിവസത്തെ പരിശീലനമുണ്ടാവും. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനായി ആശയരൂപവത്കരണ ശില്പശാലയും സംഘടിപ്പിച്ചു.