മോഷണക്കേസിൽ ആളുമാറി അറസ്റ്റിലായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Share our post

അഞ്ചൽ (കൊല്ലം): മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത്‌ റിമാൻഡിൽ കഴിയേണ്ടിവന്നതിനെതിരേ നിയമനടപടികൾ നടത്തിവന്ന യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പോലീസിനെതിരേ കോടതിയിൽ കേസ് നടത്തിവന്ന അഞ്ചൽ അഗസ്ത്യക്കോട് രതീഷ്‌ഭവനിൽ രതീഷിനെ(38)യാണ് വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2014-ൽ അഞ്ചലിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന്‌ എട്ടുലക്ഷം രൂപ മോഷണംപോയ സംഭവത്തിൽ രതീഷിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താനല്ല മോഷ്ടിച്ചതെന്ന് രതീഷ് കേണുപറഞ്ഞിട്ടും പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ്‌ പുറത്തിറങ്ങിയ രതീഷ് അഞ്ചൽ പോലീസിനെതിരേ നടത്തിവന്ന കേസിൽ കോടതിവിധി വരാനിരിക്കെയാണ് മരണം.

ബസും ഓട്ടോയും ഓടിച്ച്‌ കുടുംബം പുലർത്തിവരികയായിരുന്നു രതീഷ്. ആളുമാറി അറസ്റ്റ് ചെയ്ത പോലീസ്, കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചിരുന്നെന്ന് രതീഷിന്റെ ഭാര്യ രജനി പറഞ്ഞു. ആരോഗ്യം വഷളായി. പോലീസിനെതിരേ കേസ് നടത്തി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത നിലയിലായെന്നും അവർ പറഞ്ഞു. അഞ്ചൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ്‌ ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!