ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് പണം കവര്‍ന്നയാള്‍ പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 11,800 രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍.ബുധനാഴ്ച ഉച്ചയ്ക്ക് ക്ഷേത്രം നാലമ്പലത്തില്‍ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ വെച്ചിരുന്ന ഉരുളിയില്‍ നിന്നാണ് പണം കവര്‍ന്നത്.സംഭവത്തില്‍ തൃശ്ശൂര്‍ ചാഴൂര്‍ തെക്കിനിയേടത്ത് സന്തോഷ് കുമാറിനെ(50) അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്ന് തുക കണ്ടെടുക്കുകയും ചെയ്തു.
ക്ഷേത്രത്തില്‍ തിരക്കുള്ള സമയമായിരുന്നു.ഗണപതി ക്ഷേത്രത്തിനു മുന്നില്‍ തൊഴുതു നില്‍ക്കുന്നുവെന്ന വ്യാജേന അല്പനേരം നിന്നശേഷം എതിര്‍വശത്തെ സരസ്വതി മണ്ഡപത്തിനുമുന്നിലുള്ള ഉരുളിയില്‍ നിന്ന് പണമെടുത്ത് നീങ്ങുകയായിരുന്നു.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മോഷ്ടാവിനെ കൈയോടെ പിടിച്ച് പോലീസില്‍ ഏല്പിച്ചു.ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷന്‍ എസ്.ഐ.കെ.ഗിരിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളിലെ പല സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 18 ഓളം മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു.