സ്വാശ്രയ നഴ്‌സിങ് കോഴ്‌സ്; ബി.എസ്.സി നഴ്‌സിങ് പ്രവേശനത്തിന് ചെലവേറും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ ബി.എസ്.സി നഴ്‌സിങ് പ്രവേശനത്തിന് ഇനി ചെലവേറും. ഏകീകൃത ഏകജാലക അപേക്ഷാ സംവിധാനം ഒഴിവാക്കി ഓരോ കോളേജും പ്രത്യേകം അപേക്ഷ സ്വീകരിക്കുന്ന രീതിയിൽ മാറ്റം വരുത്താൻ പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെ (പി.എൻ.സി.എം.എ.കെ) ജനറൽ ബോഡി യോഗം തീരുമാനിച്ചു.
ഇതോടെ അപേക്ഷിക്കുന്ന ഓരോ കോളേജിലും 1000 രൂപ വീതം ഫീസും അടയ്ക്കണം. 10 കോളേജിൽ പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാർഥിക്ക് ഇത്തരത്തിൽ ചെലവാകുക 10,000 രൂപ. പ്രവേശനം നേടിയാൽ നാലുവർഷം ലക്ഷങ്ങളാണ് ഫീസാകുക. നേരത്തെ ആയിരം രൂപ അടച്ച് 10 കോളേജുകളിൽ അപേക്ഷ നൽകാമായിരുന്നു. അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത് അനുസരിച്ച് കോളേജുകൾ മാറ്റി നൽകാനും അവസരമുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രവേശനം നടത്തിയാൽ ജി.എസ്.ടി അടയ്ക്കണമെന്ന വകുപ്പ് നിർദേശം വന്നതോടെയാണ് നടപടിയിൽ മാറ്റം വരുത്തിയത്. കോളേജുകൾ സ്വന്തമായി പ്രവേശനം നടത്തിയാൽ ജി.എസ്.ടി അടയ്ക്കേണ്ടിവരില്ല. പി.എൻ.സിഎം.എ.കെ.ക്ക് കീഴിൽ 50 സ്വാശ്രയ നഴ്‌സിങ് കോളേജുകളാണ് സംസ്ഥാനത്തുള്ളത്. ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിൽ 32 കോളേജുകളുമുണ്ട്. ഇവയ്ക്ക് പ്രത്യേക സംഘടനയാണ്.
സംഘടനയുടെ തീരുമാനം ആരോഗ്യമന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും കത്തിലൂടെ അറിയിച്ചുവെന്ന് പ്രസിഡന്റ് വി. സജിയും സെക്രട്ടറി അയിര ശശിയും പറഞ്ഞു.