വൈദ്യുതി തടസ്സം ; വെളിച്ചമുറപ്പിക്കാൻ കെ.എസ്.ഇ.ബിയും ജീവനക്കാരും

തിരുവനന്തപുരം: കനത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കുമ്പോൾ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സം മറികടക്കാൻ രാവുംപകലുമില്ലാതെ ഓടിനടന്ന് ജീവനക്കാർ. ഓവർലോഡിൽ വെളിച്ചം കെടുമ്പോൾ ഗ്രാമനഗര വ്യത്യാസമില്ലാതെ തകരാർ പരിഹരിക്കാൻ മുക്കിലും മൂലയിലും ജീവനക്കാർ ഓടിയെത്തുകയാണ്. ഊർജ സർവേ പ്രകാരം രാജ്യത്ത് എവിടെയും പ്രതീക്ഷിക്കാത്ത ചരിത്രത്തിലെ ഉയർന്ന വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനം നേരിടുന്നത്.
ദിവസവും 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ് ഉപയോഗം. ഉയർന്ന ഉപയോഗത്തിൽ ഫീഡറുകളും വിതരണ ട്രാൻസ്ഫോർമറുകളും അമിതഭാരം താങ്ങുന്നതിനാൽ വിതരണം തകരാറിലാകുകയാണ്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോൾ ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുകയാണ് പതിവ്. വൈകുന്നേരങ്ങളിലാണ് ഈ പ്രതിസന്ധിരൂക്ഷമാകുന്നത്. മുമ്പ് വൈകിട്ട് ആറുമുതൽ പത്തുവരെയായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. എന്നാൽ, താപനില 40 ഡിഗ്രിയിലധികമായപ്പോൾ എസിയുടെ ഉൾപ്പെടെ ഉപയോഗം വർധിച്ച് ഉയർന്ന ആവശ്യകത പുലർച്ചെ അഞ്ചുവരെ നീളുകയാണ്. ലോഡ്കാരണം ഒരു 11 കെ വി ഫീഡർ തകരാറിലായാൽ പോലും ആയിരത്തിലേറെ ഉപയോക്താക്കൾക്കാണ് വൈദ്യുതി മുടങ്ങുന്നത്. ശരാശരി 25,000ത്തോളം ഉപയോക്താക്കൾ നേരിടുന്ന വിതരണശൃംഖലയിലെ തകരാറുകൾക്ക് രാത്രി ജോലിയിലുണ്ടാകുന്ന ജീവനക്കാർ യഥാസമയം പരിഹാരം കാണുന്നുണ്ട്.
ഉയർന്ന ഉപയോഗത്തിലും പവർകട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ല ചരിത്രത്തിലെ എറ്റവും ഉയർന്ന ഉപയോഗമുണ്ടായിട്ടും പവർകട്ടിലേക്കും ലോഡ് ഷെഡ്ഡിങ്ങിലേക്കും പോകാതെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉറപ്പാക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനം നിരന്തരം ഇരുട്ടിലായിരുന്നെങ്കിലും എട്ടുവർഷമായി മുഴുവൻ സമയവും വെളിച്ചമുണ്ട്. വിതരണശൃംഖലയിൽ തടസ്സമുണ്ടായാൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥയുംമാറി. ആഭ്യന്തര ഉൽപ്പാദനത്തിന് പുറമെയുള്ള വൈദ്യുതി പവർഎക്സ്‌ചേഞ്ച്, വിവിധ കരാറുകൾ, തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ വൈദ്യുതി വാങ്ങൽ (ബാങ്കിങ്) എന്നിവ വഴിയാണ് കെഎസ്‌ഇബി ഉറപ്പുവരുത്തുന്നത്.
പരാതി അറിയിക്കാൻ വാട്സാപ്പും കോൾ സെന്ററും 9496001912 എന്ന വാട്സാപ് വഴി പരാതി അറിയിക്കാൻ സൗകര്യമുണ്ട്. -സെക്‌ഷൻ ഓഫീസിൽ ബന്ധപ്പെടാൻ കഴിയാത്തവർക്ക് 1912 എന്ന സെൻട്രലൈസ്ഡ് കോൾ സെന്ററിന്റെ സഹായവും തേടാം.