‘മെലിഞ്ഞ്‌’ ജയിക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്; 330 സ്ഥാനാര്‍ഥികള്‍ മാത്രം, ബി.ജെ.പി 440 ഓളം സീറ്റില്‍

Share our post

ന്യൂഡല്‍ഹി: സ്വന്തം ശക്തി തിരിച്ചറിഞ്ഞും ബി.ജെപി.യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 423 സീറ്റില്‍ വരെ മത്സരിച്ച കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ നിന്ന് ഇത്തവണ കൈവിട്ടത് കുറഞ്ഞത് 100 സീറ്റുകളാണ്. ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കാന്‍പോകുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ 282 സീറ്റുകളിലാണ് പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

അമേഠിയും റായ്ബറേലിയിലുമടക്കം ഇനി 45 ഓളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുമുണ്ട്. ഫണ്ടിന്റെ കുറവും ശക്തിയില്ലാത്തിടത്ത് മത്സരിച്ച് തോല്‍ക്കുന്നതിലും ഭേദം സാധ്യതയുള്ളിടത്ത് ശ്രദ്ധകേന്ദ്രീകരിക്കുക എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് തന്ത്രം മാറ്റിയത്‌. അതേ സമയം 432 സീറ്റുകളില്‍ ബി.ജെ.പി ഇതിനോടകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പത്തോളം സീറ്റുകളില്‍കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.

2019ല്‍ ബി.ജെ.പി. 437 സീറ്റിലും കോണ്‍ഗ്രസ് 423 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. ബി.ജെ.പി.യുമായി നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യമുന്നണി സഖ്യം ശക്തിപ്പെടുത്തണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ സീറ്റുകളിലേക്കൊതുങ്ങിയത്.

മത്സരിക്കുന്ന സീറ്റുകളില്‍ പരമാവധി പ്രയത്‌നം നടത്തി 150 സീറ്റെങ്കിലും നേടുകയും തിരഞ്ഞെടുപ്പ് ഫണ്ട് ഇവിടങ്ങളിലേക്ക് കേന്ദ്രീകരിക്കുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതേ സമയം ഇത്തവണ ബി.ജെ.പിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നത് 276 ഓളം സീറ്റുകളിലാണ്. പ്രാദേശികപാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളില്‍ അവരുടെ വീജയസാധ്യതകൂടി കണക്കിലെടുത്താണ് വിട്ടുവിഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായതെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേക്ക് കടന്നിട്ടും ഹരിയാണയില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല. ബി.ജെ.പി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആന്ധപ്രദേശ് 12 സീറ്റുകളിലേക്കും തെലങ്കാനയില്‍ മൂന്നും ബിഹാറില്‍ ആറും ഒഡീഷ, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രണ്ട് വീതം സീറ്റുകളിലേക്കുംകൂടി കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.

ഇവിടങ്ങളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ കോണ്‍ഗ്രസ് പട്ടിക 330 ആകുകയേ ഉള്ളൂ. ലോക്‌സഭാ ചരിത്രത്തില്‍ കോണ്‍ഗ്രസ് 400 സീറ്റുകളിലേക്ക് താഴെ മത്സരിക്കുന്നത് ഇതാദ്യമാകും. ഇതിന് മുമ്പ് കോണ്‍ഗ്രസ് ഏറ്റവുംകുറവ് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്‌ 2004-ലാണ്. അന്ന് 417 കോണ്‍ഗ്രസ് സ്ഥനാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പി 2019-ലേതിനേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ ഇത്തവണ നിര്‍ത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ പേര്‍ മത്സരിച്ചത് 1991-92 തിരഞ്ഞെടുപ്പിലാണ്. അന്ന് ബി.ജെ.പിക്ക് 477 സ്ഥാനാര്‍ഥികളുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!