ചാലക്കുടിപ്പുഴയിൽ മുതലകളുടെ സാന്നിധ്യം കൂടുന്നു

ചാലക്കുടി : ചാലക്കുടിപ്പുഴയിൽ മുതലകളുടെ സാന്നിധ്യം കൂടുന്നു. പുഴയുടെ പല ഭാഗത്തും മുതലകളെ കാണുന്നത് പതിവായി. കഴിഞ്ഞ ദിവസം പുഴയുടെ അതിരപ്പിള്ളി ഭാഗത്ത് ഏഴ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. രണ്ട് മാസത്തോളം പ്രായമുള്ളവയെയാണ് കണ്ടത്. സമീപ പ്രദേശത്ത് മുട്ട വിരിഞ്ഞതിന്റെ ലക്ഷണങ്ങളുണ്ട്.
കുറച്ച് നാളായി ചാലക്കുടി പുഴയുടെ പലഭാഗത്തും ഇവയുടെ സാന്നിധ്യമുണ്ട്. പുഴയുടെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചസമയത്ത് വെയിൽ കായാനായാണ് പാറക്കെട്ടുകൾക്ക് മുകളിലെത്തുന്നത്. വേനലവധി ആഘോഷിക്കാൻ അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികൾക്കും ഭീഷണിയാണ് മുതലകളുടെ സാന്നിധ്യം.