സ്തനാർബുദ മരണങ്ങൾ പ്രതിവർഷം പത്തുലക്ഷം വരെയാകുമെന്ന് പഠനം

ജനീവ : ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർക്ക് ബാധിക്കുന്ന അർബുദ രോഗമായി മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം മാറിക്കഴിഞ്ഞു. ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടെത്താൻ പ്രയാസമില്ലെന്നിരിക്കെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പേടിപ്പെടുത്തുന്നതാണ്.
2016 മുതലുള്ള അഞ്ച് വർഷത്തെ കണക്കനുസരിച്ച് ലോകത്താകെ 78 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തി എന്നാണ് ലാൻസെറ്റ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഈ കാലയളവിൽ 6,85,000 സ്ത്രീകൾ രോഗം മൂലം മരിച്ചു. 2040തോടെ സ്തനാർബുദം ബാധിച്ചുള്ള മരണനിരക്കുകൾ പ്രതിവർഷം പത്തുലക്ഷമാകുമെന്നാണ് കമ്മീഷൻ പറയുന്നത്. ലോകമെമ്പാടുമുള്ള 12 സ്ത്രീകളിൽ ഒരാൾക്ക് 75 വയസ്സിനു മുൻപ് സ്തനാർബുദം ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാധ്യത വർദ്ധിക്കുകയാണെന്നും ഗവേഷകർ പറയുന്നു. വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയാണ് ഇതേറ്റവും കൂടുതൽ ബാധിക്കുകയെന്നും കരുതൽ വേണമെന്നും പഠനത്തിൽ പറയുന്നുണ്ട്.
സ്തനാർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കി വിടുന്നവരാണ് മിക്ക സ്ത്രീകളും. പലപ്പോഴും രോഗപ്രതിരോധത്തിന് തടസ്സമാകുന്നത് ഈ നിസ്സാര മനോഭാവവും രോഗത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുമാണ്. സ്തനത്തിൽ വീക്കമോ, മുഴകളോ മറ്റ് അസ്വാഭാവികതകളോ കണ്ടാലും വളരെ വൈകിമാത്രം വിദഗ്ധ പരിശോധനയ്ക്ക് തയ്യാറാവുന്നവരാണ് മിക്കവരും. പരിശോധകൾ നടത്താതിരിക്കുന്നത് മൂലം രോഗികളെ തിരിച്ചറിയാതിരിക്കുന്നതിനും ചികിത്സ വൈകുന്നതിനും കാരണമാകും. കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയ്ക്കും ഇത് വഴിവയ്ക്കും.
ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ സ്തനാർബുദം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. നാല്, അഞ്ച് ഘട്ടങ്ങളിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദമാണ് മരണ കാരണമാകുന്നത്. എന്നാൽ രോഗം നേരത്തേ കണ്ടെത്തി ചികിത്സിച്ച 20 മുതൽ 30 ശതമാനം പേരിലും വീണ്ടും കാൻസർ കണ്ടെത്തിയ സാഹചര്യമുണ്ട്. കൃത്യമായി രോഗം തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും ഭാവിയിലെ കാൻസർ രോഗികളുടെ എണ്ണം കുറക്കാൻ സഹായിക്കും. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. റേഡിയേഷൻ ചികിത്സയും കീമോതെറാപ്പി എന്നിവ ചുരുക്കാനും ചിലഘട്ടങ്ങളിൽ ഒഴിവാക്കപ്പെടാനും സാധിക്കും.
സ്തനാർബുദം ഉണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ മാനസിക ബുദ്ധിമുട്ടുകളും ഗൗരവമായി പരിഗണിക്കണം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. രോഗികളോടു കാട്ടുന്ന അസമത്വം രോഗബാധിതരിലെ നിരാശ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം രോഗത്തിനൊപ്പം തന്നെ പ്രതിരോധിക്കപ്പെടേണ്ടതാണ്. രോഗികളും ചികിത്സിക്കുന്ന ഡോക്ടറും തമ്മിൽ മികച്ച ആശയവിനിമയം ഉണ്ടായിരിക്കണം. അത് രോഗത്തെ കുറിച്ചും ചികിത്സയെകുറിച്ചും ബോധ്യമുണ്ടാക്കുന്നതിന് രോഗികളെ സഹായിക്കും.