മുദ്ര ലോണിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പേരാവൂരിൽ യുവതിക്ക് പണം നഷ്ടപ്പെട്ടു

Share our post

പേരാവൂർ: കേരള മുദ്ര ലോൺ എന്ന പേരിൽ ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ഓൺലൈൻ അപേക്ഷ നല്കിയ യുവതി തട്ടിപ്പിനിരയായി. പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സ്റ്റാഫായ കണിച്ചാർ സ്വദേശിനിക്കാണ് പണം നഷ്ടമായത്. അനുവദിച്ച ലോണിന്റെ ഇൻഷുറൻസ് ഫീസായി 1900 രൂപ ഗൂഗിൾ പേയിലൂടെ സംഘം തട്ടിയെടുത്തു. രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായതായി വ്യാജ സന്ദേശമിട്ട് പിന്നെയും തട്ടിപ്പിന് ശ്രമിച്ചെങ്കിലും യുവതിക്ക് ശംശയം തോന്നിയതിനാൽ കൂടുതൽ പണം നഷ്ടമായില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ഫേസ്ബുക്കിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോണിന് താത്പര്യമുണ്ടെന്ന് അറിയിച്ചത്. മിനിറ്റുകൾക്കുള്ളിൽ യുവതിയുടെ വാട്ട്‌സാപ്പിൽ മുദ്ര ലോണിന്റെ വിശദാംശങ്ങൾ സന്ദേശമായി ലഭിക്കുകയും ചെയ്തു. ആധാർ കാർഡിന്റെ കോപ്പിയും ബാങ്ക് ഡീറ്റയിൽസും നല്കിയാൽ ഒരു ലക്ഷം രൂപ വരെയും പാൻ കാർഡുണ്ടെങ്കിൽ രണ്ട് ലക്ഷം രൂപ വരെയും ലോൺ നല്കാമെന്ന സന്ദേശവും വന്നു.

മൂന്ന് വർഷ തിരിച്ചടവ് കാലാവധിയിൽ പ്രോസസിങ്ങ് ഫീ ഇല്ലാതെയും ബാങ്ക് സന്ദർശനമില്ലാതെയും മുദ്ര ലോൺ 72 മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാകുമെന്ന വാഗ്ദാനത്തിലാണ് യുവതി വഞ്ചിക്കപ്പെട്ടത്. ആവശ്യപ്പെട്ട രേഖകൾ നല്കിയതോടെ ലോൺ അനുവദിക്കാമെന്നും ഇൻഷുറൻസ് ഫീയായി 1900 രൂപ ഗൂഗിൾ പേ ചെയ്ത് സ്‌ക്രീൻ ഷോട്ട് അയക്കാനും ആവശ്യപ്പെട്ടു.

മണിക്കൂറുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപ ക്രെഡിറ്റായതായുള്ള സ്‌ക്രീൻ ഷോട്ട് വാട്ട്‌സാപ്പിൽ യുവതിക്ക് ലഭിച്ചു. എന്നാൽ, ബാങ്ക് അക്കൗണ്ടിൽ പണം വന്നില്ല എന്നറിയിച്ചതോടെ, രണ്ട് ലക്ഷം രൂപക്ക് 4900 രൂപ തീർപ്പാക്കാത്ത ഇടപാട് ക്ലിയറൻസിനായി (ടി.ഡി.എസ്) ഗൂഗിൾ പേ ചെയ്യണമെന്ന് സന്ദേശം ലഭിച്ചു. സംശയം തോന്നിയ യുവതി പേരാവൂരിലെ ടാക്‌സ് കൺസൾട്ടേഷൻ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് ചതി മനസിലാക്കുന്നത്.

യാതൊരു സംശയവും തോന്നാത്ത വിധം കേരള മുദ്ര ലോൺ എന്ന ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയാണ് പുതിയ തട്ടിപ്പ്. ഗൂഗിൾ പേ ചെയ്യാനുള്ള ക്യു.ആർ കോഡിലും മുദ്രലോൺ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുർല കോംപ്ലക്‌സ് ബാന്ദ്ര ഈസ്റ്റ്, മുംബൈ എന്ന വിലാസവും ഓഫീസ് ടൈമും എല്ലാം നല്കിയാണ് സംഘം പുതിയ രീതിയിൽ തട്ടിപ്പ് നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!