സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

Share our post

കൊച്ചി: പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അന്ത്യം. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീത പ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സം ഗീതജീവിതത്തിൻ്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ട സഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളിൽ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്ക് തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. ഈണം നൽകിയ ‘ഇഷ്‌ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.

ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.

1988-ലായിരുന്നു കെ.ജി. വിജയൻ്റെ വിയോഗം. യേശുദാസ് ആലപിച്ച് കെ.ജി. ജയൻ ഈണമിട്ട മയിൽപ്പീലി എന്ന കൃഷ്‌ണഭക്തിഗാന ആൽബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി. അധ്യാപികയായിരുന്നു. ബിജു കെ.ജയൻ എന്നൊരു മകൻ കൂടിയുണ്ട്. 2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സം​ഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!