ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിന് മുൻപ് പിടിച്ചെടുത്തത് 4650 കോടി
ന്യൂഡൽഹി : 19ന് ആദ്യഘട്ട പോളിങ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 4620 കോടിയുടെ പണവും മറ്റ് വസ്‌തുക്കളും. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക പിടിച്ചെടുക്കുന്നതെന്ന് കമീഷൻ അറിയിച്ചു.
2019ലെ തിരഞ്ഞെടുപ്പിൽ എല്ലാ ഘട്ടവും ചേർത്ത് 3475 കോടിയാണ് പിടിച്ചെടുത്തത്. മാർച്ച് ഒന്നിനു ശേഷം ദിവസവും 100 കോടി എന്ന നിരക്കിലാണ് പണം പിടിച്ചെടുക്കുന്നതെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
പിടിച്ചെടുത്തതിൽ 45 ശതമാനവും മദ്യവും മയക്കുമരുന്നുമാണ്. 395.39 കോടി രൂപ പണമായി പിടിച്ചെടുത്തപ്പോൾ മയക്കുമരുന്ന് 2068.85 കോടി മൂല്യമുള്ളതാണ്. 562.10 കോടിയുടെ സ്വർണമടക്കമുള്ള വിലപിടിപ്പുള്ള ലോഹങ്ങളും വോട്ടർമാർക്ക് എത്തിച്ച 1142.49 കോടിയുടെ സൗജന്യ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഫെബ്രുവരി, മാർച്ച് മാസത്തിൽ ആകെ 7502 കോടി രൂപ പിടിച്ചെടുത്തുവെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.