ശ്രീനഗറിൽ ബോട്ട് മറിഞ്ഞ് നാല് മരണം; നിരവധി പേരെ കാണാതായി

ശ്രീനഗർ: ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം, നിരവധി പേരെ കാണാതായതായി. കാണാതായ യാത്രക്കാർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കുകയും ചെയ്തിരുന്നു.
കിഷ്ത്വരി പഥേറിലെ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് എൻഎച്ച്-44 അടക്കുകയും ജനങ്ങളോട് യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായി ജമ്മു കശ്മീർ ട്രാഫിക് പൊലീസ് അറിയിച്ചു. താഴ്വരയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ജമ്മു-ശ്രീനഗർ ദേശീയ പാത.