ക്ഷയരോഗം എന്ന വില്ലനെതിരെ ജാഗ്രത വേണം

Share our post

ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ബാക്‌ടീരിയൽ അണുബാധയാണ് ക്ഷയം. ബാസിലാസ് മൈക്രോ ബാക്ടീരിയം ടുബർകുലോസിസ് എന്ന ബാക്ടീരിയയാണ്‌ രോഗകാരി. ഈജിപ്ഷ്യൻ മമ്മികൾ, പുരാതന ഗ്രീസിൽനിന്നും റോമിൽ നിന്നുമുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന്‌ ലഭിച്ച അണുബാധയുടെ തെളിവുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പകർച്ചവ്യാധിയുടെ മനുഷ്യ വേട്ടയാണ്‌ സൂചിപ്പിക്കുന്നത്‌.

പകർച്ചയും നിയന്ത്രണവും 

എല്ലാവർഷവും ലോകാരോഗ്യ സംഘടന ക്ഷയരോഗ ബാധയുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ നവംബറിലെ റിപ്പോർട്ടു പ്രകാരം, 2022ൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത പകർച്ച വ്യാധികളുടെ കൂട്ടത്തിൽ കോവിഡിന് പിന്നിൽ രണ്ടാം സ്ഥാനത്തായി നിൽക്കുന്നതു ക്ഷയരോഗം ആണ്. എച്ച്.ഐ.വി/എയ്ഡ്‌സ് മൂലം ഉണ്ടാകുന്ന മരണങ്ങളേക്കാൾ ഇരട്ടിയാണിത്‌. ഓരോ വർഷവും ലോകത്ത്‌ 10.6 ദശലക്ഷത്തിലധികം പുതിയ ക്ഷയരോഗബാധ റിപ്പോർട്ടുകളും ഏകദേശം 1.30 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാമൂഹിക ഘടകങ്ങളായ ദാരിദ്ര്യം, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ്‌ ക്ഷയരോഗം പടർന്നു പിടിക്കുന്നതിനും പ്രധാന കാരണങ്ങൾ. രോഗ നിയന്ത്രണ ശ്രമങ്ങൾ ദുഷ്കരമാക്കുന്നതും ഈ ഘടകങ്ങളാണ്. ദാരിദ്ര്യ നിർമാർജനവും പോഷകാഹാര ലഭ്യതയും അതുകൊണ്ടുതന്നെ പ്രധാനവും.

ഇന്ത്യയിൽ

ലോകത്തെ മൊത്തം ക്ഷയരോഗ ബാധയുടെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഇന്ത്യ (27ശതമാനം), ഇന്തോനേഷ്യ (10 ശതമാനം), ചൈന (7ശതമാനം), ഫിലിപ്പീൻസ് (7ശതമാനം), പാകിസ്ഥാൻ (5.7ശതമാനം), നൈജീരിയ (4.5ശതമാനം), ബംഗ്ലാദേശ് (3.6ശതമാനം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3.0ശതമാനം) എന്നീ എട്ട് രാജ്യങ്ങളിലാണ്. ഇന്ത്യയാണ്‌ മുന്നിലെന്നർഥം!

സംക്രമണവും പ്രാരംഭ അണുബാധയും

ക്ഷയരോഗ ബാധിതനായ രോഗി തുമ്മുമ്പോൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന ബാക്ടീരിയ അടങ്ങിയ സൂക്ഷ്മ കണികകൾ ആണ് മറ്റൊരാളിലേക്ക് പകരുന്നത്‌. ബാക്ടീരിയ ശ്വാസനാളത്തിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിലെത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രവർത്തനങ്ങൾ മൂലം പലപ്പോഴും ബാക്ടീരിയ നശിക്കും. എന്നാൽ പൂർണമായും നശിപ്പിക്കുന്നതിൽ ശരീരം പരാജയപ്പെടുമ്പോൾ ബാക്ടീരിയ പെരുകും. ഇതാണ് രോഗാവസ്ഥ. എന്നാൽ ചിലപ്പോൾ ബാക്റ്റീരിയ വർഷങ്ങളോളം ശരീരത്തിൽ നിഷ്‌ക്രിയമായി കിടന്നേക്കാം.

പതിനേഴാം നൂറ്റാണ്ടിൽ ജർമൻ ഭിഷഗ്വരൻ ആയ റിച്ചാർഡ് മോർട്ടനാണ് “ടുബെർകുലോസിസ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. എന്നാൽ രോഗനിർണയത്തിനും ചികിത്സയ്ക്കും കൂടുതൽ ശാസ്ത്രീയമായ സമീപനങ്ങൾ സ്വീകരിക്കുകയും അതുവഴി രോഗകാരണമായ മൈക്രോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയെ തിരിച്ചറിയുകയും ചെയ്തത് 1882-ൽ മറ്റൊരു ജർമൻ ശാസ്ത്രജ്ഞനായ റോബർട്ട് കോച്ച് ആയിരുന്നു.

ഉക്രേനിയൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ സെൽമാൻ വക്‌സ്മാൻ1943ൽ തന്റെ പരീക്ഷണങ്ങളുടെ ഫലമായി മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയകളിൽ നിന്നും സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടിക് വേർതിരിച്ചെടുത്തു. ക്ഷയരോഗ ചികിത്സയിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്‌ ഈ കണ്ടുപിടിത്തമാണ്. ക്ഷയത്തിനെതിനെതിരെ ഫലപ്രദമായ ആദ്യത്തെ ആന്റി ബയോട്ടിക്‌ ആയിരുന്നു ഇത്‌.

ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ്

ഒരൊറ്റ ആന്റിബയോട്ടിക് തന്നെ കുറേ കാലമായി ഉപയോഗിക്കുന്നത് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിന് കാരണമാകുമെന്ന് 1950-കളോടെ വ്യക്തമായിരുന്നു. ക്ഷയരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് എൺപതുകളിൽ തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇത്തരം ആന്റിബയോടിക് റെസിസ്റ്റന്റ് ടിബി കേസുകളിലുണ്ടായ ക്രമാതീതമായ ഉയർച്ചയാണ്‌.

1993-ൽ, ലോകാരോഗ്യ സംഘടന ക്ഷയത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്‌ ഇത് കണക്കിലെടുത്താണ്. ഇന്ന് ലോകത്തെ മൊത്തം ക്ഷയരോഗികളിൽ ഏകദേശം നാലു ലക്ഷത്തിൽ അധികം പേരിലും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ ഒന്നും ഫലിക്കാൻ സാധ്യത ഇല്ലാത്ത ഇത്തരം ഒരു അവസ്ഥയിലാണ് എന്നാണ് നിഗമനം.

ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ വാക്സിൻ 

ക്ഷയരോഗം തടയാൻ ലഭ്യമായ ഏക വാക്സിൻ ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ (ബി.സി.ജി) വാക്സിൻ ആണ്. മൈക്രോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയിൽനിന്ന് ആണ് ഇത് വേർതിരിച്ചെടുക്കുന്നത്. 1921 മുതൽ ബി.സി.ജി ആഗോളതലത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലും നവജാത ശിശുക്കളുടെ പതിവ് പ്രതിരോധ കുത്തിവയ്‌പുകളുടെ ഒരു നിർണായക ഭാഗവുമാണിത്‌. ഹ്രസ്വവും കൂടുതൽ രോഗീ സൗഹൃദവുമായ ചികിത്സാ സമ്പ്രദായങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണ ശ്രമങ്ങൾ തുടരുകയാണ്‌. അണുബാധ പെട്ടെന്ന് സ്ഥിരീകരിക്കാനുള്ള അത്യാധുനിക മാർഗങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള മാർഗരേഖ അടുത്തിടെ ലോകാരോഗ്യസംഘടന വിപുലീകരിച്ചിരുന്നു. 

പുതിയ പ്രതീക്ഷകൾ

ലോകത്തിലെ മൊത്തം ക്ഷയരോഗ ബാധിതരിൽ ഏറിയ പങ്കും ഉള്ള രാജ്യം എന്ന നിലയ്ക്ക് ഏറ്റവും ഫലപ്രദമായ ഒരു വാക്സിൻ ലഭ്യമാവുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്‌. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ബയോടെക്‌ കമ്പനിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഒരു വാക്സിൻ പ്രാരംഭ ഗവേഷണങ്ങളിൽ മികച്ച ഫലങ്ങൾ കാണിക്കുന്നതായി അടുത്തിടെ വാർത്ത വന്നിരുന്നു. മനുഷ്യരിൽ പരീക്ഷിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് (ക്ലിനിക്കൽ ട്രയൽ) അത്‌ കടക്കുകയാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!