മെയ് പകുതിയോടെ കാലവർഷമെത്തും; ഇക്കൊല്ലം മഴ കനക്കുമെന്ന് പ്രവചനം

ന്യൂഡൽഹി : മെയ് പകുതിയോടെ കേരളത്തിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഇക്കൊല്ലം മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം.
പസഫിക്ക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ തുടരുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ അൽപ്പം കുറയാനാണ് സാധ്യത. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. മൺസൂൺ മഴയുടെ ദീർഘകാല ശരാശരി ഇത്തവണ 106 ശതമാനംവരെയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴയുള്ള ദിവസങ്ങളുടെ എണ്ണം കുറയുകയും കനത്ത മഴ (ചുരുങ്ങിയ കാലയളവിൽ കൂടുതൽ മഴ) ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രവചനം.
ഇപ്പോൾ എൽ നിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് മെയ് പകുതി വരെ നിലനിൽക്കും. കാലവർഷ ആരംഭത്തോടെ എൽ നിനോ പ്രതിഭാസം ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ഇത് ലാ നിനയിലേക്കും മാറാനാണ് സാധ്യത. ലാ നിന പ്രതിഭാസം യാഥാർഥ്യമായാൽ കാലവർഷക്കാലത്ത് പതിവിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പറയപ്പെടുന്നത്. 1951 നും 2023 നും ഇടയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, എൽ നിനോ പ്രതിഭാസത്തെ തുടർന്ന് ലാ നിന ഉണ്ടായ ഒമ്പത് തവണ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
തെക്കുപടിഞ്ഞാറൻ മൺസൂണാണ് ഇന്ത്യയുടെ വാർഷിക മഴയുടെ 70 ശതമാനവും നൽകുന്നത്. ഇത് കാർഷിക മേഖലയ്ക്ക് നിർണായകമാണ്. 2024 ൽ സാധാരണ മൺസൂണിനെക്കാൾ കൂടുതൽ മഴയുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങൾ ഉണ്ടായിരുന്നു.