കർഷകർക്ക് സൗജന്യ സൗരോർജ നിലയങ്ങൾ നൽകാൻ അനർട്ട്

തിരുവനന്തപുരം : കാർഷിക ആവശ്യങ്ങൾക്ക് നൽകുന്ന സൗജന്യ വൈദ്യുതി സൗരോർജവൽക്കരിച്ച് സംസ്ഥാനത്ത് 500 മെഗാവാട്ട് സ്ഥാപിത ശേഷി വർധിപ്പിക്കാനൊരുങ്ങി അനർട്ട്. പുനരുപയോഗ ഊർജ സ്രോതസുകളിലൂടെ ഊർജസ്വയം പര്യാപ്‌തതയെന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ കുതിപ്പിന് വേഗംകൂട്ടിയാണ് 2,200 കോടിരൂപ വിനിയോഗിച്ചുള്ള പദ്ധതി. കൃഷിഭവൻ വഴി സൗജന്യമായി വൈദ്യുതി ലഭിക്കുന്ന ചെറുകിട കർഷകരുടെ പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിലൂടെ സൗജന്യമായി സോളാർ നിലയങ്ങൾ സ്ഥാപിച്ച് നൽകും.
ശരാശരി അഞ്ച് കിലോവാട്ട് ശേഷിയുള്ള 2.5 ലക്ഷം രൂപവരെ ചിലവുവരുന്ന സൗരോർജ നിലയമാണ് ഒരു ഉപയോക്താവിന് ലഭിക്കുക. കൃഷി ആവശ്യത്തിന് പുറമെ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ തുകയിൽ നിന്നും എട്ട് വർഷത്തിനുള്ളിൽ അനർട്ട് മുടക്ക് മുതൽ തിരിച്ചുപിടിക്കും. ശേഷം അധിക വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകി കർഷകർക്ക് വരുമാനവും നേടാം.
സംസ്ഥാനത്തെ ഒരുലക്ഷം കാർഷിക പമ്പുകൾ സൗജന്യമായി സൗരോജത്തിലേക്ക് മാറ്റിയാണ് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക. പമ്പുസെറ്റുകൾ സൗരോർജ വൽക്കരിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ അനർട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാസർഗോഡ്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ആദ്യഘട്ട സൗരോർജ വൽക്കരണം. വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030-ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമത്തിന് കരുത്ത് പകരുന്നതാണ് പദ്ധതി. 2040–-ഒടെ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമാക്കി കേരളത്തെ ഉയർത്തുകയെന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
കുതിച്ചു ചാടും സൗരോർജം
കർഷകർക്ക് സൗജന്യ സൗരോർജ നിലയങ്ങൾ ഒരുക്കിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ സൗരോർജ നിലയങ്ങളുടെ സ്ഥാപിത ശേഷിലുണ്ടാകുക വൻകുതിച്ചു ചാട്ടം. സൗരോർജ സ്ഥാപിതശേഷി 1009.29 മെഗാവാട്ടായി ഉയർത്താൻ നിലവിൽ കഴിഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 16.49 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിന്നും 992.5 മേഗാവാട്ടിന്റെ വർധനവുണ്ടാക്കിയാണ് കേരളം പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനമെന്ന നിലയിലേക്ക് വളർന്നത്.കൃ ഷിക്കാർക്കുള്ള പദ്ധതി യാഥാർത്യമാകുമ്പോൾ ഇത് 1500 മെഗാവാട്ടായി വർധിക്കും.
പുരപ്പുറ സൗരോർജ പദ്ധതി, ഭൗമോപരിതല സൗരോർജ നിലയങ്ങൾ, സ്വകാര്യ നിലയങ്ങൾ, ഫ്ലോട്ടിങ് സോളാർ എന്നിവയിലൂടെയാണ് പുനരുപയോഗ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിച്ചുള്ള മുന്നേറ്റം. പുരപ്പുറ സൗരോർജ നിലയങ്ങളിലൂടെ 730.47 മെഗാവാട്ടും ഭൗമോപരിതല സൗരോർജ നിലയങ്ങളിലൂടെ 278.82 മെഗാവാട്ടും സ്ഥാപിതശേഷി നിലവിൽ സംസ്ഥാനത്തിനുണ്ട്.