ദേശീയപാതയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. ആറുപേര്‍ക്ക് പരിക്ക്. മലപ്പുറം താഴേക്കോട് ചുങ്കത്ത് വീട്ടില്‍ മുഷ്‌റഫ് (19) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രികനായ താഴേക്കോട് സ്വദേശി റയാനെ (18) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രികരെല്ലാം താഴേക്കോട് സ്വദേശികളാണ്. നാലകത്ത് വീട്ടില്‍ സോനു അഹമ്മദ് (20), മാളിയക്കതൊടി അദിനാന്‍ (19), മാളിയക്കതൊടി ജസീം (20), മിനിബസ് യാത്രക്കാരനായ തച്ചമ്പാറ ഒരവില്‍ വീട്ടില്‍ അരുണ്‍ (24), സുധീര്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് അപകടം. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് വിഷുവേല കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊട്ടുകാര്‍ സഞ്ചരിച്ചിരുന്ന മിനി ബസും കൊടൈക്കനാലില്‍ യാത്രപോയി തിരിച്ചു വരികയായിരുന്ന താഴേക്കോട് സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫയുടെ ജീവന്‍ രക്ഷിക്കാനായില്ല.