അവധിക്കാലത്തും സ‍ഞ്ചാരികളുടെ സുരക്ഷ തുലാസിൽ

Share our post

കണ്ണൂർ: അവധിക്കാലം എത്തിയിട്ടും സ‍ഞ്ചാരികളുടെ സുരക്ഷ തുലാസിൽ. ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഇപ്പോഴും സംസ്ഥാനത്തെ ബീച്ചുകളില്ല. ഒന്നര വർഷം മുൻപാണ് സംസ്ഥാനത്തെ ബീച്ചുകളിൽ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രമേയുള്ളൂവെന്നു ചൂണ്ടിക്കാട്ടി ഓൾ കേരള ലൈഫ്ഗാർഡ്സ് അസോസിയേഷൻ (സിഐടിയു) ടൂറിസം മന്ത്രിയുൾപ്പെടെയുള്ളവർക്കു പരാതി നൽകിയത്. ഉടനടി നടപടിയുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 40 പേരെ പുതുതായി നിയമിക്കാനുള്ള നിർദേശം കിട്ടാൻ പിന്നെയും മാസങ്ങളെടുത്തു.

എന്നാൽ, ആ നിർദേശവും ഇതുവരെയായിട്ടും നടപ്പായിട്ടില്ല. ഒന്നര വർഷം മുൻപാണ് സംസ്ഥാനത്തെ ലൈഫ് ഗാർഡുകളുടെ കണക്കെടുത്തത്. 446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് അപ്പോഴുണ്ടായിരുന്നത് 159 പേർ. ഇപ്പോഴും എണ്ണത്തിൽ വലിയ വർധനയൊന്നും വന്നിട്ടില്ലെന്നു മാത്രമല്ല, പുതിയ ലൈഫ് ഗാർഡുകളുടെ നിയമനം അനന്തമായി നീളുകയുമാണ്. ഒരു ഷിഫ്റ്റിൽ വേണ്ട ലൈഫ് ഗാർഡുകളുടെ എണ്ണമാണ് 446. രാത്രി ഷിഫ്റ്റ് കൂടി കണക്കാക്കിയാൽ ഈ എണ്ണം ഉയരും. സംസ്ഥാനത്തെ പ്രധാന 53 ബീച്ചുകളിൽ 25 എണ്ണത്തിലും ഒരു ലൈഫ് ഗാർഡ് പോലുമില്ല.

കൊല്ലം, മലപ്പുറം ജില്ലകളിൽ മാത്രമാണ് എല്ലാ ബീച്ചിലും ലൈഫ് ഗാർഡുകൾ ഉള്ളത്. അവിടെയും ആവശ്യത്തിന് ആളില്ല. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ തിരക്ക് അനുസരിച്ച് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യത്തിലും നടപടിയില്ല. സഞ്ചാരികളുടെ അനുപാതത്തിനുസരിച്ച് ലൈഫ് ഗാർഡുകൾക്കായി ഡ്യൂട്ടി പോയിന്റുകൾ കണക്കാക്കണമെന്നും ഒരു ഡ്യൂട്ടി പോയിന്റിൽ ചുരുങ്ങിയത് രണ്ട് ലൈഫ് ഗാർഡുകൾ വേണമെന്ന നിർദേശങ്ങളും നടപ്പായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!