ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

ന്യൂഡൽഹി : ഇറാൻ-ഇസ്രയേൽ സംഘര്‍ഷ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും അധികാരികൾ നൽകിയിരിക്കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ് ലൈൻ നമ്പരും എംബസി പുറപ്പെടുവിച്ചു.
+972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിർദേശം നൽകി.
ഇറാഖ്, ജോർദാൻ, ലെബനൻ, രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള വ്യോമഗതാഗതം നിർത്തിവച്ചു. ടെൽ അവീവ്, എർബിൽ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഓസ്ട്രിയൻ എയർലൈൻസ് നിർത്തിവച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാനങ്ങൾ റദ്ദാക്കി. നിരവധി ഇറാനിയൻ ആഭ്യന്തര വിമാനങ്ങളും തിങ്കളാഴ്ച രാവിലെ വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.