ബസ് ശുചീകരണത്തിന് സംവിധാനം ; കെ.എസ്.ആർ.ടി.സി ബസുകളിൽ മറ്റു ഭാഷാ ബോർഡുകളും

തിരുവനന്തപുരം :കെ.എസ്.ആർ.ടി.സി ബസിൽ ഡെസ്റ്റിനേഷൻ ബോർഡ് മറ്റു ഭാഷകളിലും പ്രദർശിപ്പിക്കും. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലും സ്ഥലപേര് നൽകും. തമിഴ്‌നാട്, കർണാടക അതിർത്തി പങ്കിടുന്ന സർവീസുകളിലും ഇതര സംസ്ഥാനക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലുമുള്ള സർവീസുകളിലുമാകും ഇവ നിർബന്ധമാക്കുക.
ഓർഡിനറി ബസുകളിൽവരെ പുതിയ നിർദേശം നടപ്പാകും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളിൽ ഇംഗ്ലീഷിലുള്ള ബോർഡ് നിർബന്ധമാക്കി. ബസിന്റെ മുന്നിലും പിന്നിലും ഇടതു സൈഡിലും ഡോറിനു സമീപവും വായിക്കാൻ കഴിയുംവിധം വലുപ്പത്തിൽ ബോർഡുകൾ സ്ഥാപിക്കും.
ബസിന്റെ അകവും പുറവും ശുചിയായി സൂക്ഷിക്കും. ഇതിനായി ബസ് വാഷിങ് ഗുണമേന്മ പരിശോധനാ ഷീറ്റ് ഏർപ്പെടുത്തി. മുൻഭാഗവും പിറകുവശവും സൈഡ് ഗ്ലാസുകളും സീറ്റും ബസിനുള്ളിലെ പ്ലാറ്റ്‌ഫോമും ശുചീകരിച്ചിട്ടുണ്ടെന്ന് കണ്ടക്ടറും ഡ്രൈവറും പരിശോധിച്ച് ഒപ്പിട്ട് നൽകണം. എന്നാൽ മാത്രമേ ശുചീകരണക്കൂലി ബന്ധപ്പെട്ടവർക്ക് ഡിപ്പോ അധികാരി അനുവദിക്കൂ.