ആവേശം ഇരട്ടിയാക്കാന്‍ സംസ്ഥാനത്തേക്കെത്തുന്നു; ദേശീയ നേതാക്കളുടെ വന്‍ പട

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആവേശം ഇരട്ടിയാക്കാന്‍ ദേശീയ നേതാക്കളുടെ വന്‍ പടയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും നാളെ സംസ്ഥാനത്തെത്തും. ദേശീയ നേതാക്കള്‍ കൂടി കളം പിടിക്കുന്നതോടെ സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ പ്രചരണം പൊടിപാറും.

സംസ്ഥാന നേതാക്കള്‍ ഉഴുതു മറിച്ചിട്ട പ്രചരണ രംഗം, വെളളവും വളവും നല്‍കി പുഷ്ടിപ്പെടുത്താനാണ് ദേശീയ നേതാക്കള്‍ കൂടി ലാന്‍റ് ചെയ്യുന്നത്. ഇതിനോടകം പരസ്പര വാക്പോര് കൊണ്ട് പ്രക്ഷുബ്ധമായ തെരഞ്ഞെടുപ്പ് പ്രചരണം ദേശീയ നേതാക്കള്‍ കൂടി കളം നിറയുന്നതോടെ ഹൈ വോള്‍ട്ടേജിലേക്ക് കുതിക്കും. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും നാളെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രചരണ വേദികളിലെത്തും. രണ്ടുപേരും ഒരേദിവസം സംസ്ഥാനത്തെത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മൂർച്ഛയേറും. നാളെ തൃശൂരിലും തിരുവനന്തപുരത്തുമാണ് മോദിയുടെ പരിപാടികള്‍. കോഴിക്കോടാണ് രാഹുല്‍ഗാന്ധി.

ഇരുവർക്കും പിന്നാലെ മറ്റ് നേതാക്കളും വരിവരിയായി സംസ്ഥാനത്തെത്തും. അമിത് ഷായും യോഗി ആദിത്യനാഥും ജെ പി നദ്ദയും കേന്ദ്ര മന്ത്രിമാരുമൊക്കെയാണ് പ്രധാനമന്ത്രിക്ക് പുറമേയുളള ബിജെപിയുടെ തുറുപ്പുചീട്ടുകള്‍. പ്രിയങ്കയും സോണിയയും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും മല്ലികാർജുന്‍ ഖർഗെയും രാഹുലിന് പുറമേ യു.ഡി.എഫ് വേദികളില്‍ പ്രത്യക്ഷപ്പെടും. യെച്ചൂരിയും കാരാട്ടുമൊക്കെയുണ്ടാകുമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇടതു ക്യാമ്പിലെ അസ്ത്രായുധം.

ദേശീയ നേതാക്കളുടെ പൊതു പരിപാടികള്‍ക്ക് പുറമേ റോഡ് ഷോയും സംഘടിപ്പിച്ചാണ് മുന്നണികള്‍ ആവേശം തീർക്കുന്നത്. ദേശീയ നേതാക്കളുടെ വരവ്, പ്രചരണ വിഷയങ്ങള്‍ മാറ്റിയെഴുതുമോ എന്നത് കാത്തിരുന്ന് കാണേണ്ട സസ്പെന്‍സ്. ചുട്ടുപൊളളുന്ന ചൂടില്‍ പൊതുവെ തണുപ്പന്‍ മട്ടായിരുന്നു പലയിടത്തും ഇതുവരെയുളള പ്രചരണം.

എന്നാല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍, ദേശീയ നേതാക്കള്‍ കൂടി കളം നിറയുന്നതോടെ പ്രചരണം ഹൈ വോള്‍ട്ടേജില്‍ പൊടി പാറുമെന്നുറപ്പ്. ആത്മവിശ്വാസത്തോടെ അവകാശ വാദങ്ങള്‍ ആവർത്തിക്കുമ്പോഴും അവസാന ലാപ്പിലെ അടിയൊഴുക്കുകളില്‍ ആരൊക്കെ ആടിയുലയുമെന്നത് പ്രവചനാതീതം. ആ അടിയൊഴുക്കുകള്‍ അനുകൂലമാക്കാന്‍ അടവ് പതിനെട്ട് പയറ്റുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!