താമരശ്ശേരി പരപ്പൻപൊയിൽ വീടുകയറി ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

Share our post

വയനാട്: താമരശ്ശേരി പരപ്പൻപൊയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി പരപ്പൻ പൊയിൽ കതിരോട് കല്ലുവെട്ടും കുഴി മുഹമ്മദ് ഷഹൽ, കാരാടി മുനീർ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.

കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷഹൽ. അക്രമത്തിൽ 25 പേർക്കെതിരെ കേസ് എടുത്തിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി മുഹമ്മദ് ഷഹല്‍ മെഡിക്കല്‍ കോളെജില്‍ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പൊലീസിനെ വകവെക്കാതെ താമരശേരിയില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നതിന്‍റെ തുടര്‍ച്ചയാണ് സംഭവം. ആക്രമണത്തിനിടെ എസ്ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പരപ്പന്‍ പൊയില്‍ കതിരോട് പൂളക്കല്‍ നൗഷാദിന്‍റെ വീടാണ് ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച അക്രമികളില്‍ ഒരാളുടെ വാഹനത്തിന് പിന്നില്‍ നിന്ന് നൗഷാദ് തന്‍റെ ഓട്ടോറിക്ഷയുടെ ഹോണ്‍ മുഴക്കിയതാണ് അക്രമ പരമ്പരയുടെ തുടക്കം. രാത്രി വീട്ടിലെത്തിയ നൗഷാദിനെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. നൗഷാദ് പരാതിപ്പെട്ടെങ്കിലും കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാനായിരുന്നു താമരശേരി പൊലീസിന്‍റെ വിചിത്ര നിര്‍ദേശം.

പെരുന്നാള്‍ ദിനം നൗഷാദിന്‍റെ ബന്ധുക്കള്‍ വീട്ടിലെത്തിയിരുന്നു. ബന്ധുക്കളിലൊരാള്‍ അക്രമി സംഘാംഗവുമായി വാക്കുതര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നൗഷാദും ബന്ധുക്കളും പൊലീസില്‍ പരാതിപ്പെട്ട് വീട്ടില്‍ മടങ്ങി എത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.

കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്ന എസ്ഐയേയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും നോക്കുകുത്തിയാക്കിയായിരുന്നു ഗുണ്ടകളുടെ അഴിഞ്ഞാട്ടം. വീടിന്‍റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ നൗഷാദിന്‍റെ രണ്ട് ഓട്ടോറിക്ഷകളും ബന്ധുക്കളുടെ കാറും തകര്‍ത്തു. കേസില്‍ പ്രധാന പ്രതി മുഹമ്മദ് ഷഹലിന് പുറമെ കണ്ടാലറിയാവുന്ന 24 പേര്‍ക്കെതിരേയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രദേശത്ത് ഗൂണ്ടാ സംഘങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പൊലീസിന്‍റെ ഭാഗത്തു നിന്നും കര്‍ശന ഇടപെടല്‍ ഇല്ലാത്തതാണ് ഗുണ്ടകളുടെ തേര്‍വാഴ്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!