സൗജന്യ യാത്ര, ദിവസം മൂന്ന് സര്‍വീസുകള്‍; മൂന്നാറിലെത്തിയ ഡബിള്‍ ഡക്കര്‍ ബസിന് വന്‍ സ്വീകരണം

Share our post

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് പകരാന്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെത്തി. ഇടുക്കിയില്‍ ആദ്യമായെത്തിയ ഡബിള്‍ ഡക്കര്‍ ബസിനെ നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പഴയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ബസ് ഫ്ളാഗ് ഓഫ് ചെയ്തു.

മൂന്നാറില്‍ നിന്നും ആനയിറങ്കല്‍ വരെയാണ് ബസ് സര്‍വീസ് നടത്തുക. ദിവസേന മൂന്ന് സര്‍വീസ് ഉണ്ടായിരിക്കും. മൂന്നാര്‍ കെ.എസ്.ആർ.ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് സിഗ്‌നല്‍ പോയിന്റ്, ചൊക്രമുടി, ആനയിറങ്കല്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തി തിരികെ ഡിപ്പോയിലെത്തും. രാവിലെ 9 മുതല്‍ 11 വരെ, ഉച്ചക്ക് 1 മണി മുതല്‍ 3 മണി വരെ, വൈകുന്നേരം നാലു മണി മുതല്‍ 6 മണി വരെ എന്നിങ്ങനെയാണ് മൂന്നു സര്‍വീസുകള്‍.

ബസിന്റെ രണ്ട് നിലകളില്‍ ഓരോന്നിലും 25 വീതം ആകെ 50 പേര്‍ക്ക് യാത്ര ചെയ്യാനാകും. സൗജന്യ നിരക്കിലാണ് യാത്രയെങ്കിലും പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. മൂന്നാറിലെ ഡിടിപിസി കൗണ്ടറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാസ് ലഭിക്കും. ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പാസ് നല്‍കും. ബസില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ച വരെയാണ് ബസ് സര്‍വീസ് നടത്തുക.

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ടസ്‌കര്‍ ഷീല്‍ഡി’ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായാണ് ബസ് ഫ്ളാഗ് ഓഫ് ചെയ്തത്. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍, പ്രശസ്ത ഫുട്‌ബോളര്‍ ഐ. എം വിജയന്‍, കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് പ്രസിഡണ്ട് മോഹന്‍ സി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!