സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. രാമകൃഷ്ണൻ അന്തരിച്ചു

Share our post

സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. രാമകൃഷ്ണൻ (74) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുൻപ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞ മൂന്ന് ദിവസമായി പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശനി രാവിലെ 6.30നായിരുന്നു അന്ത്യം. 

ദേശാഭിമാനി ബാലരംഗത്തിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചു. ദേശാഭിമാനി ബാലരംഗം ഉത്തര മേഖലാ പ്രസിഡന്റായി. 1969ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) അംഗമായി. കപ്പൂർ ലോക്കൽ കമ്മിറ്റി അംഗം. കെ.എസ്.വൈ.എഫ് ഒറ്റപ്പാലം താലൂക്ക് കമ്മിറ്റിയംഗം,  കർഷകത്തൊഴിലാളി യൂണിയൻ തൃത്താല മണ്ഡലം സെക്രട്ടറി, 1972 മുതൽ 79 വരെ സി.പി.എം പാലക്കാട് ജില്ലാ കമിറ്റി ഓഫീസ് സെക്രട്ടറി, 1980 ൽ പാലക്കാട് ഏരിയാ കമ്മിറ്റിയംഗം, 1981ൽ സി.പി.എം അട്ടപ്പാടി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തനം. പിന്നീട് മലമ്പുഴ- പുതുശ്ശേരി, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു. 

കർഷകസംഘം പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടർന്ന് സംസ്ഥാന ജോ. സെക്രട്ടറി. 2009 മുതൽ 2021 വരെ കർഷ കസംഘം സംസ്ഥാന സെക്രട്ടറി, എ.ഐ.കെ.സി, സി.കെ.സി അംഗം, സി.കെ.സി എക്സ്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നിലവിൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

പഴയ പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കിൽ കുമാരനെല്ലൂരിൽ 1950 ഏപ്രിൽ 8 ന് ജനനം. പിതാവ്: കുണ്ടു കുളങ്ങരവളപ്പിൽ രാമൻ. മാതാവ്: അമ്മു. ഭാര്യ എം.കെ. ചന്ദ്രികാദേവി. മക്കൾ: കെ.വി. രാഖിൻ, കെ.വി. രഥിൻ. നിലവിൽ കണ്ണാടി കണ്ണമ്പരിയാരത്താണ് താമസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!