സഹയാത്രികനെ രക്ഷിക്കവെ ട്രെയിനില്‍ നിന്നും വീണ യുവാവ് മരിച്ചു

തിരുവില്വാമല : യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പം വീണ യുവാവ് മരിച്ചു. തിരുവില്വാമല മലേശമംഗംലം കോട്ടാട്ടുകുന്ന് വിജയകുമാരന്റെയും സരോജിനിയുടെയും മകന്‍ നിധിൻ (കുട്ടു, –26) ആണ് മരിച്ചത്. സേലം സോളാർപേട്ട റെയില്‍വേ സ്റ്റേഷനുസമീപം വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു അപകടം. പാലക്കാട് ലക്കിടി മൺപറമ്പിൽ രഞ്ജിത്ത് (33) ട്രെയിനിൽനിന്ന് വീണപ്പോൾ നിധിന്‍ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ബംഗളൂരുവിൽ കെട്ടിടനിർമാണത്തൊഴിലാളികളായ ഇരുവരും വിഷു അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ സമീപത്തെ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടനെ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. നിധിനെ ആസ്‌പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൽവേ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച മൃതദേഹം വിട്ടുനൽകും. സംസ്കാരം ഞായറാഴ്ച. സഹോദരിമാർ: നീതു, നിഷ.