ന്യൂഡല്‍ഹി: ബത്തേരിയിലെ ‘സുല്‍ത്താനെ’ വെട്ടുമെന്ന വാഗ്ദാനത്തിലൂടെ കേരളമണ്ണില്‍ പുതിയൊരു രാഷ്ട്രീയത്തിന്റെ വിത്തുപാകിയിരിക്കുകയാണ് വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ഉത്തരേന്ത്യന്‍ മണ്ണിലും ബി.ജെ.പി.ക്ക് വളക്കൂറുള്ള നാടുകളിലും മാത്രം പയറ്റിക്കൊണ്ടിരുന്ന പേരുമാറ്റല്‍തന്ത്രം അലഹബാദ്, ഫൈസാബാദ് വഴി ഇങ്ങ് കേരളത്തിലും എത്തിയിരിക്കുകയാണ്.
‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്നതാണ് മോദിസര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം. ഒന്നാം മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം പേരുമാറ്റംവന്ന സ്ഥലങ്ങള്‍ ഒരു ഡസനിലേറെ വരും. മാറ്റിയതിലേറെയും മുസ്ലിം പേരുകള്‍.
രാഷ്ട്രീയവും മതവും ജാതിയുമെല്ലാം മാറിനില്‍ക്കേണ്ട മൈതാനങ്ങളെപ്പോലും വെറുതെവിട്ടില്ല. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ല മൈതാനത്തിന്റെ പേരുള്‍പ്പെടെ മാറ്റി. പാതകളുടെ പേരുകളില്‍പ്പോലും മതവും രാഷ്ട്രീയവും കലര്‍ന്നു. രാജ്യത്തിന്റെ പേരുവരെ ഔദ്യോഗികരേഖകളില്‍ മാറ്റംവരുത്തുന്ന രീതികളിലേക്ക് അതു വളര്‍ന്നു.
‘ഇന്ത്യ’യെ മാറ്റി ‘ഭാരത’ത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമം വന്‍ രാഷ്ട്രീയവിവാദമായതും ഈയടുത്താണ്. അക്ബര്‍, സീത എന്നുപേരുള്ള സിംഹങ്ങളെ ഒരു മൃഗശാലയില്‍ പാര്‍പ്പിച്ചതുപോലും കോടതികയറിയതും ഇതെല്ലാമായി കൂട്ടിവായിക്കാം. വൈദേശികാധിപത്യകാലത്ത് ചാര്‍ത്തിയ പേരുകളാണ് മാറ്റുന്നതെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം.
അക്ബറിന്റെ ജന്മദിനത്തില്‍ അലഹാബാദിന്റെ അന്ത്യം
മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ 476-ാം ജന്മദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രഖ്യാപനം നടത്തി -”ഞങ്ങള്‍ അലഹാബാദിന്റെ പേരുമാറ്റുന്നു. ഇനി അത് പ്രയാഗ് രാജ് എന്നറിയപ്പെടും.” 2018 ഒക്ടോബര്‍ 15-നായിരുന്നു പ്രഖ്യാപനം.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലമാണ് അലഹാബാദ്. സ്വാതന്ത്ര്യസമരകാലത്ത് ഒട്ടേറെ ചരിത്രസമ്മേളനങ്ങള്‍ക്ക് സാക്ഷിയായ നഗരം. 1575-ല്‍ അക്ബറാണ് പ്രയാഗ് എന്ന നഗരത്തിന്റെ പേര് ‘ഇലഹാബാദ്’ അഥവാ ‘ദൈവത്തിന്റെ നഗരം’ എന്നു മാറ്റിയത്. കുംഭമേള നടക്കുന്ന നാടായതിനാലാണ് പ്രയാഗ്രാജ് എന്നാക്കുന്നതെന്നായിരുന്നു യു.പി. സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, കുംഭമേള നടക്കുന്ന സ്ഥലം നിലവില്‍ പ്രയാഗ് എന്നാണറിയപ്പെടുന്നതെന്നും അലഹാബാദിന്റെ പേര് മാറ്റരുതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. അലഹാബാദ് അങ്ങനെ പ്രയാഗ്രാജായി.
ഒരുമാസം പിന്നിടുംമുമ്പ് ഒരു ദീപാവലിനാളില്‍ യോഗി അടുത്തസ്ഥലത്തിന്റെ പേരും തിരുത്തി. ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേര് അയോധ്യനഗര്‍നിഗം എന്നായിരുന്നു. അതിനാല്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് വിനയ് കട്യാറും ബി.ജെ.പി.യും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പേരുമാറ്റം.
ഗുരുഗ്രാമിന്റെ പിറവി
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയോടു ചേര്‍ന്നുള്ള നഗരമായിരുന്നു ഗുഡ്ഗാവ്. വാഹനനിര്‍മാണത്തിന് പേരുകേട്ട നഗരം. 2016-ല്‍ ഹരിയാണയിലെ മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമെന്നാക്കാന്‍ തീരുമാനിച്ചു.
മഹാഭാരതത്തില്‍, പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യരുമായി ബന്ധപ്പെട്ട പേരാണ് ഗുരുഗ്രാമെന്നായിരുന്നു കാരണമായി പറഞ്ഞത്. ഗുരുഗ്രാം എന്നറിയപ്പെട്ട സ്ഥലം പിന്നീട് ഗുഡ്ഗാവായി മാറിയതാണെന്നും അവര്‍ വിശദീകരിക്കുന്നു.
ചില പേരുമാറ്റങ്ങള്‍
മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്‍ -ദീന്‍ ദയാല്‍ ഉപാധ്യായ (ഡി.ഡി.യു.) സ്റ്റേഷന്‍
ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ചൗര-അടല്‍ ചൗക്ക്
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം-അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം
ഔറംഗാബാദ്-സംബാജി നഗര്‍
അഹമ്മദ് നഗര്‍-അഹല്യ നഗര്‍
തുലാസിലുള്ള നഗരങ്ങള്‍
പേരുപോകുമോയെന്ന ഭീഷണിയില്‍ ഒട്ടേറെ നഗരങ്ങളുണ്ട്. അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാന്‍ അലിഗഢ് മുന്‍നിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. ഇനി സര്‍ക്കാര്‍ അംഗീകരിക്കുകയേ വേണ്ടൂ.
ഗാസിയാബാദിന്റെ പേരു മാറ്റാനും തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഏതു പേര് വേണമെന്ന് യു.പി. സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഗജ്പ്രസ്ത, ദൂതേശ്വര്‍നാഥ് നഗര്‍, ഹര്‍നനന്ദിപുരം എന്നീപേരുകളാണ് പരിഗണനയില്‍.
ഫിറോസാബാദിനെ ചന്ദ്രനഗര്‍ എന്നാക്കാനും ആലോചനയുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിനെ കര്‍ണാവതിയാക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
തിരഞ്ഞെടുപ്പുകാലത്തെ പേരറക്കല്‍
ഈ തിരഞ്ഞെടുപ്പുകാലത്ത് പേരുമാറ്റത്തെച്ചൊല്ലിയുള്ള ആദ്യ പ്രസ്താവനയല്ല സുരേന്ദ്രന്റേത്. കഴിഞ്ഞതവണ രാഹുല്‍ഗാന്ധി പരാജയപ്പെട്ട അമേഠിയില്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനാണ് നീക്കം. ഇത് പ്രഖ്യാപിച്ചതാകട്ടെ കേന്ദ്രമന്ത്രിയും അമേഠി എം.പി.യുമായ സ്മൃതി ഇറാനിയും. അക്ബര്‍ഗഞ്ച് സ്റ്റേഷനെ മാ അഹോര്‍വ ഭവാനി ധാം, നിഹാല്‍ഗഢ് സ്േറ്റഷനെ മഹാരാജ ബിജ്ലി പാസി എന്നിങ്ങനെ മാറ്റി. പാരമ്പര്യത്തിലും സംസ്‌കാരത്തിലുമൂന്നിയാണ് പേരുമാറ്റമെന്നാണ് സ്മൃതിയുടെ വാദം.