നെല്ല് സംഭരണം; കർഷകർക്ക് തുക നൽകാൻ നടപടി വേഗത്തിലാക്കി എസ്.ബി.ഐ

തിരുവനന്തപുരം : നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക വേഗത്തിൽ കൊടുത്തുതീർക്കാൻ നടപടി. മാർച്ച് 31 വരെയുള്ള തുകയാണ് നൽകുന്നത്. പി.ആർ.എസ് വായ്‌പ നൽകുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ.യുമായുള്ള തർക്കവും പരിഹരിച്ചു. രണ്ടാംവിള സീസണിൽ സംഭരിച്ച നെല്ലിന്റെ തുക നൽകുന്നതിൽനിന്ന് സാങ്കേതിക കാരണം പറഞ്ഞ് രണ്ടാഴ്‌ചയായി എസ്.ബി.ഐ വിട്ടുനിന്നിരുന്നു. അതേസമയം കനറ ബാങ്ക് തുക നൽകി. 160 കോടി നൽകാനാണ് നിലവിൽ എസ്.ബി.ഐ സമ്മതിച്ചത്.
ഫെബ്രുവരി 28 വരെയുള്ള തുക ഇരുബാങ്കുകളും നൽകിക്കഴിഞ്ഞു. 97872 കർഷകരിൽനിന്നാണ് ഈവർഷം ഇതുവരെ നെല്ല് സംഭരിച്ചത്. ഇതിൽ 708.04 കോടി രൂപയാണ് ആകെ നൽകേണ്ടത്. ഇതിൽ 468.71 കോടി രൂപ നൽകി. ബാക്കി നൽകാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. 55440 കർഷകർക്ക് എസ്.ബി.ഐ.യും 42428 കർഷകർക്ക് കനറ ബാങ്കുമാണ് തുക നൽകേണ്ടത്. ഇതിൽ എസ്.ബി.ഐ 31837 കർഷകർക്കും കനറ ബാങ്ക് 33708 കർഷകർക്കും തുക നൽകി.
മാർച്ച് 16, 17 തീയതികളിൽ പാലക്കാട് ജില്ലയിൽ കർഷകർക്ക് പി.ആർ.എസ് വായ്‌പ ലഭ്യമാക്കുന്നതിന് അദാലത്ത് നടത്തിയിരുന്നു. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്‌ണൻകുട്ടി എന്നിവരുടെ മുൻകൈയിലായിരുന്നു അദാലത്ത്. 25 കൃഷിഭവൻ കേന്ദ്രീകരിച്ചാണിത്. ഇതേ മാതൃകയിൽ കുട്ടനാട്ടിലും അദാലത്ത് സംഘടിപ്പിക്കും.