യഥാർഥ ‘കേരള സ്റ്റോറി’: റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേക്ക്, മുഴുവന്‍ തുകയും സമാഹരിച്ചു

Share our post

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും പിരിച്ചു. 34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാന്‍ ഇനി മൂന്നു ദിവസമാണ് ബാക്കി നില്‍ക്കെ ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്‌. എംബിസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

‘സേവ് അബ്ദുല്‍ റഹീം’ എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുള്‍ റഹീമിന്റെ വീട്ടിലേക്കും അബ്ദുള്‍ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും ധനസഹായവുമായി സമീപിച്ചത്‌. ഒരു നാടിന്റെ കൂട്ടായ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം എത്തിക്കാന്‍ സഹായകമായി എന്നാണ് ദയാധന സമാഹരണ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിടത്തുനിന്നാണ് ഒരു നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് മുഴുവന്‍ തുകയും സമാഹരിക്കാന്‍ കഴിഞ്ഞത്‌.

പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം തുടങ്ങി. കൈയ്യബദ്ധം മൂലം സൗദി ബാലന്‍ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുല്‍ റഹീം 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!