വന്യജീവി സങ്കേതത്തിൽ കാട്ടുതീ: 200 ഏക്കർ വനം കത്തിനശിച്ചു

Share our post

ബത്തേരി : വയനാട്‌ വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്‌ഞ്ചിലുണ്ടായ തീപിടിത്തത്തിൽ 200 ഏക്കർ വനം കത്തിനശിച്ചു. നായ്‌ക്കട്ടി ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ സമീപത്തെ ഓടപ്പള്ളം, കൊട്ടനോട്‌, ഏഴേക്കർകുന്ന്‌, കുമ്പ്രംകൊല്ലി, കാരശേരി, വെള്ളക്കോട്‌ എന്നിവിടങ്ങളിലാണ്‌ വ്യാഴം 11 മുതൽ വൈകിട്ട്‌ ആറുവരെ കാട്ടുതീ പടർന്നത്‌.

കാട്ടുതീയിൽ നിരവധി മരങ്ങളും അടിക്കാടും കത്തിനശിച്ചു. കാട്ടുപന്നി, മാൻ, മുയൽ തുടങ്ങിയ വന്യമൃഗങ്ങൾ ആളിപ്പടർന്ന തീയിൽനിന്ന്‌ രക്ഷനേടാൻ നാട്ടിലേക്കോടി. കാട്ടുതീ നാട്ടിലേക്കും പടർന്ന്‌ കൊട്ടനോട്‌ നാരായണിയുടെ രണ്ടേക്കർ റബർ തോട്ടവും പട്ടമന ഷിബുവിന്റെ പന്നിഫാമും ആടുകാലിൽ ഏലിയാസിന്റെ തെങ്ങുകൃഷിയും കത്തി. പന്നിഫാമിലുണ്ടായിരുന്ന നാൽപ്പതോളം പന്നികൾക്ക്‌ നേരിയതോതിൽ പൊള്ളലേറ്റു. ബത്തേരിയിൽനിന്നും കൽപ്പറ്റയിൽ നിന്നും എത്തിയ മൂന്ന്‌ യൂണിറ്റ്‌ അഗ്നിരക്ഷാ സേനയും നൂറോളം വനം ജീവനക്കാരും നാട്ടുകാരും നാല്‌ മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ്‌ കാട്ടുതീ വൈകിട്ടോടെ നിയന്ത്രണവിധേയമാക്കിയത്‌. അഗ്നിബാധയുടെ കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ വൈൽഡ്‌ലൈഫ്‌ വാർഡൻ ജി ദിനേശ്‌കുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!