തൃശൂരിൽ മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്തു

തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്തി മമാതാ ദേവലായത്തിന് സമീപം താമസിക്കുന്ന പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്‌ന (28)യെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഭര്‍ത്താവുമായി വഴക്കിട്ട സയ്‌ന ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് മക്കളായ അഭിജയ് (7), ആദിദേവ് (5), ഒന്നര വയസുള്ള അഗ്‌നിക എന്നിവരെ വീട്ടിലെ കിണറ്റിലെറിഞ്ഞാണ് സ്വയം കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കണ്ട ഭര്‍തൃസഹോദര പുത്രന്‍ അഭിനവ് കിണറ്റിലിറങ്ങി പരിസരവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അഭിജയും ആദിദേവും മരിച്ചു.
കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ച് കിടന്ന സയ്‌നയെ ഫയര്‍ ഫോഴ്‌സെത്തി പുറത്തെടുത്തു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സയ്‌നയെ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആത്മഹത്യാ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ജുവനൈല്‍ ആക്ട് എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലയച്ചു. ഇന്‍സ്‌പെക്ടര്‍ കെ. അജിത്ത്, എസ്.ഐ. യു. മഹേഷ്, എ.എസ്.ഐ. എ.വി. സജീവ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ. സഗുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).