സീബ്രാ ലൈൻ മാഞ്ഞു, വരയ്ക്കാൻ നടപടിയില്ല

Share our post

കണ്ണൂർ:  കോർപറേഷൻ പരിധിയിലെ വാഹനത്തിരക്കേറിയ പല റോ‍ഡുകളിലും സീബ്രാലൈൻ ഇല്ല. ജീവൻ പണയം വച്ച് വേണം കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കാൻ. കോർപറേഷൻ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും സീബ്രാലൈൻ വരയ്ക്കാൻ തയാറാകുന്നില്ലെന്നാണ് പരാതി. കവിത തിയറ്ററിനു സമീപം, ശ്രീ ചന്ദ് ആശുപത്രി, ജെ.എസ് പോൾ കോർണർ, പിവിഎസിനു സമീപം, പയ്യാമ്പലം ബീച്ച് റോഡ്, ഉർസുലിൻ സ്കൂൾ, ദേവത്താർക്കണ്ടി സ്കൂൾ, പയ്യാമ്പലം സ്കൂൾ, പാസ്പോർട്ട് ഓഫിസ് എന്നീ സ്ഥലങ്ങളിലൊന്നും സീബ്രാ ലൈൻ ഇല്ല, ഉള്ളതാകട്ടെ മാഞ്ഞു.

ഇവിടങ്ങളിൽ സീബ്രാ ലൈൻ വരയ്ക്കേണ്ടതുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നുണ്ട്. കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സീബ്രാ ലൈനുകൾ രേഖപ്പെടുത്താൻ 4.66 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കോർപറേഷൻ നേരത്തെ തയാറാക്കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിച്ചാണ് സീബ്രാ ലൈൻ വരയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്.

സീബ്രാ ലൈൻ ഉണ്ടായിരുന്നപ്പോൾ പോലും നിർത്താൻ മടിച്ചിരുന്ന വാഹനങ്ങൾ ഇപ്പോൾ കാൽനട യാത്രക്കാരെ കണ്ട ഭാവം പോലും നടിക്കാതെ ചീറി പായുകയാണ്. കുട്ടികളും വയോധികരും ആണ് ഏറെയും കഷ്ടപ്പെടുന്നത്. റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും ഡ്രൈവർമാരുടെ കനിവിനായി കാത്തിരിക്കണം. സീബ്രാ ലൈനില്ലാതെ വാഹനം എന്തിന് നിർത്തണമെന്നാണ് പലരുടെയും മറുചോദ്യം.

ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

സീബ്രാലൈനുകൾ സംബന്ധിച്ച് 3 മാസത്തിനകം പൂർത്തിയാക്കിയ നടപടി അറിയിക്കണമെന്ന് കമ്മിഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി സീബ്രാ ലൈനുകൾ രേഖപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ കോർപറേഷൻ ജാഗ്രത പുലർത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.

സീബ്രാ ലൈൻ

ആഗോള തലത്തിൽ സീബ്രാ ലൈൻ ആണ് കാൽനട യാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ ഉള്ള വഴി. സീബ്രാ ലൈനിൽ കാൽനട യാത്രികർക്കാണ് മുഖ്യപരിഗണന. സീബ്രാ ലൈനിൽ യാത്രക്കാരൻ കാൽ കുത്തിയാൽ, സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തി യാത്രക്കാരൻ കടന്നു പോയതിനു ശേഷമേ വാഹനങ്ങൾ പോകാൻ പാടുള്ളൂ എന്നാണ് നിയമം. സീബ്രാ ലൈൻ നിർദേശം ലംഘിക്കുന്ന വാഹന ഡ്രൈവർമാർക്കെതിരെ 500 രൂപ പിഴ ചുമത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!