‘വയനാട്ടിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കും’; കെ. സുരേന്ദ്രൻ

വയനാട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നും, ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും വമ്പൻ പ്രഖ്യാപനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, വയനാട് എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം.
സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടമെന്നായിരുന്നു എന്നും ബ്രിട്ടീഷുകാരാണ് ടിപ്പുസുൽത്താൻ്റെ അധിനിവേശത്തിന് ശേഷം ഈ സ്ഥലത്തിന്റെ പേര് സുൽത്താൻ ബത്തേരിയെന്നാക്കി മാറ്റിയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സുൽത്താൻ്റെ ആയുധപുര എന്ന അർത്ഥം വരുന്ന സുൽത്താൻസ് ബാറ്ററി എന്ന് പിന്നീട് ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ പേര് നൽകുകയും അത് സുൽത്താൻ ബത്തേരിയെന്ന് ആകുകയുമാണ് ചെയ്തത് എന്നും കെ.സുരേന്ദ്രൻ പറയുന്നു.
മാത്രവുമല്ല താൻ എം.പിയായാൽ തൻ്റെ ആദ്യ പരിഗണന സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നതിനായിരിക്കുമെന്നും ഇതിന് മോദിയുടെ സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 1984ൽ പ്രമോദ് മഹാജൻ വയനാട് സന്ദർശിച്ച സന്ദർഭത്തിലും ഇക്കാര്യം പറഞ്ഞിരുന്നതും കെ. സുരേന്ദ്രൻ അഭിമുഖത്തിൽ ഓർമിപ്പിക്കുന്നുണ്ട്.
“വൈദേശിക ആധിപത്യത്തിനെതിരെ പോരാട്ടം നടന്ന ചരിത്രമുള്ള ഇടമാണിത്. പഴശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പടനയിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താൻ ബത്തേരി എന്ന് പേര് വന്നത്. സുൽത്താൻ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിച്ച്, ഹിന്ദുക്കളെ മതംമാറ്റി മുസ്ലിമാക്കിയ വ്യക്തിയാണ് ടിപ്പു സുൽത്താൻ. മോദിയുടെ സഹായത്തോടെ ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമെന്നാക്കി പുനർനാമകരണം ചെയ്യും. എം.പിയായാൽ തൻ്റെ ആദ്യ പരിഗണന അതിനായിരിക്കും” – കെ. സുരേന്ദ്രൻ പറഞ്ഞു.